Asianet News MalayalamAsianet News Malayalam

ആശുപത്രിയിലേക്കിറങ്ങിയ ഗർഭിണി കുഴഞ്ഞുവീണു, വഴിയിൽ പ്രസവം; രക്ഷക്കെത്തി സോഫിയയും ദീപയും 'കനിവും'

ആംബുലൻസ് എത്തുന്നതിന് മുൻപ് സോഫിയയുടെയും, ദീപയുടെയും പരിചരണത്തിൽ ലക്ഷ്മി ആൺ കുഞ്ഞിന് ജന്മം നൽകി

woman gave birth on roadside with the help of ambulance employees
Author
Thiruvananthapuram, First Published Mar 15, 2021, 6:26 PM IST

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയരികിൽ കുഴഞ്ഞു വീണ ഗർഭിണിയായ യുവതിയുടെ രക്ഷക്കെത്തി ആംബുലൻസ് ജീവനക്കാരും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സുമാരും. വാമനപുരം ആനാകുടി പണയിൽ പുത്തൻ വീട്ടിൽ ചന്ദ്രന്റെ ഭാര്യ ലക്ഷ്മി ചന്ദ്രനും കുഞ്ഞിനുമാണ് കനിവ് 108 ആംബുലൻസ് ജീവനക്കാരും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സുമാരും രക്ഷകരായത്.

തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ്  സംഭവം. ലക്ഷ്മിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് പോകാൻ ഓട്ടോറിക്ഷ വിളിച്ചിരുന്നു. വീട്ടിൽ നിന്ന് റോഡിലേക്ക് കുറച്ചു ദൂരം നടന്ന് വേണം പോകാൻ. ഭർത്താവ് ചന്ദ്രനൊപ്പം റോഡിലേക്ക് നടക്കുന്നതിനിടയിൽ ലക്ഷ്മി കുഴഞ്ഞു വീണു. ഈ സമയം ആശുപത്രിയിലേക്കുള്ള കൊവിഡ്‌ വാക്സിന് ശേഖരിച്ച ശേഷം ഇത് വഴി പോകുകയായിരുന്ന ആനാകുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സുമാരായ സോഫിയ എസ്, ദീപ ഡി.കെ എന്നിവരുടെ ശ്രദ്ധയിൽ സംഭവം പെടുകയും ഉടൻ തന്നെ ഇവർ ലക്ഷ്മിയുടെ അടുത്തെത്തി വേണ്ട പരിചരണം ഒരുക്കി.

ഇവരുടെ  പരിശോധനയിൽ ലക്ഷ്മിയെ മാറ്റാൻ കഴിയാത്ത അവസ്ഥയാണെന്നും ആരോഗ്യനില മോശമാണെന്നും കണ്ടെത്തി ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കനിവ് 108 ആംബുലൻസ് എമർജൻസി റെസ്പോൺസ് സെന്ററിൽ  നിന്ന് അത്യാഹിത സന്ദേശം ഉടൻ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. സന്ദേശം ലഭിച്ച ഉടൻ തന്നെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷൈജ രാജൻ, പൈലറ്റ് ബോബസ് ജോൺ എന്നിവർ സംഭവ സ്ഥലത്തേക്ക് തിരിച്ചു.

ആംബുലൻസ് എത്തുന്നതിന് മുൻപ് സോഫിയയുടെയും, ദീപയുടെയും പരിചരണത്തിൽ ലക്ഷ്മി ആൺ കുഞ്ഞിന് ജന്മം നൽകി. അപ്പോഴേക്കും ആംബുലൻസ് സ്ഥലത്തെത്തുകയും ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷൈജ രാജൻ ദീപയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുസ്രൂഷകൾ നൽകി ഇരുവരുടെയും ആരോഗ്യനില സുരക്ഷിതമാക്കിയ ശേഷം ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ചന്ദ്രൻ ലക്ഷ്മി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്.

Follow Us:
Download App:
  • android
  • ios