ബന്ധം പിരിഞ്ഞു, ജീവനാംശം ചോദിച്ചതോടെ മുൻ ഭാര്യയോട് പക; കാറിച്ച് കൊല്ലാൻ ക്വട്ടേഷൻ നൽകി യുവാവ്

ഇടുക്കി: വിവാഹബന്ധം പിരിഞ്ഞതോടെ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് മുൻ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത ഭര്‍ത്താവ് അറസ്റ്റിൽ. ഭാര്യയെ കാറിടിപ്പിച്ച് കൊലപ്പെടുത്താനാണ് ഭര്ർത്താവായ രമേശ് (45) ക്വട്ടേഷൻ നല്‍കിയത്. കാറിടിച്ചു പരിക്കേറ്റ ഭാര്യ മണിമാല (38) ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ കോടതിക്ക് മുന്നിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.

കാർ ഡ്രൈവർ പാണ്ടിരാജിനെ (22) ചോദ്യം ചെയ്തപ്പോഴാണ് മണിമാലയുടെ ഭർത്താവ് രമേശ് കൊടുത്ത ക്വട്ടേഷനാണെന്ന് മനസിലാകുന്നത്. രമേശ് 15 വർഷം മുൻപാണ് മണിമാലയെ വിവാഹം ചെയ്തത്. ഇവർക്ക് 14 വയസുള്ള ഒരു മകനുണ്ട്. തമ്മിൽ ചേർച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു. തുടർന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിൽ വിചാരണയ്ക്കായി വരുമ്പോഴാണു തിങ്കളാഴ്ച കോടതിക്ക് മുന്നിൽ മണിമാലയെ കാറിടിച്ചത്. യുവതിയിപ്പോള്‍ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read more:  'പെട്ടെന്ന് ഡിവൈഡറിലേക്ക് കയറുമെന്ന് തോന്നി, ചെറിയ ഗ്യാപ്പുണ്ടായിരുന്നു'; പാലക്കാടെ അപകടത്തെ കുറിച്ച് ഡ്രൈവർ

അതേസമയം, കഴിഞ്ഞ ദിവസം തൃശൂരില്‍ സമാനമായ ഒരു കേസില്‍ ഒന്നാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഭാര്യയുടെ ക്വട്ടേഷനില്‍ ഭര്‍ത്താവിനെ കടയില്‍ കയറി വാടിവാള്‍ വീശി ആക്രമിച്ച കേസില്‍ പ്രതി ജിന്‍റോയെ (34) ആണ് പൊലീസ് കോടതിയിൽ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയത്.ഗുരുതിപ്പാലയില്‍ പലചരക്ക് കട നടത്തുന്ന കീഴിടത്തുപറമ്പില്‍ ജോണ്‍സനാണായിരുന്നു മര്‍ദനമേറ്റത്.

ജോണ്‍സനും ഭാര്യ രേഖയും തമ്മില്‍ വഴക്കിട്ട് അകന്ന് കഴിയുകയാണ്. കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിനെ ആക്രമിക്കാന്‍ രേഖ തന്‍റെ സുഹൃത്തായ ജിന്റോയെ ഏല്‍പ്പിക്കുകയായിരുന്നു. രേഖയുടെ ഒത്താശയോടെ ജിന്റോ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി കടയില്‍ കയറി ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 23ന് ഉച്ചയ്ക്ക് ഒരുമണിയോടെ അഞ്ചുപേര്‍ വാടിവാളുമായി വന്ന് കടയ്ക്കകത്തേക്ക് ഇരച്ചു കയറി ജോണ്‍സനെ ആക്രമിക്കുകായിരുന്നു.