Asianet News MalayalamAsianet News Malayalam

നടന്നുപോകുമ്പോൾ കാൽ സ്ലാബിനടിയിൽ കുടുങ്ങി യുവതിക്ക് ​ഗുരുതര പരിക്ക്, ഉത്തരവാദി പിഡബ്ല്യുഡിയെന്ന് നാട്ടുകാർ

ഇന്നലെ വൈകിട്ട് നാലിന് സബ് റജിസ്ട്രാര്‍ ഓഫീസില്‍നിന്നും ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നുവരുമ്പോഴാണ് സ്ലാബിനുള്ളില്‍ സിന്ധുവിന്റെ കാല്‍ കുടുങ്ങിയത്.

Woman injured after leg trapped in slab prm
Author
First Published Dec 6, 2023, 1:42 AM IST

തൃശൂര്‍: നടന്നുപോകുമ്പോൾ റോഡരികിലെ സ്ലാബിനിടയില്‍ കാൽ കുടുങ്ങി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചാവക്കാട് സബ് ജയിലിന് മുമ്പിലുള്ള കാനയുടെ സ്ലാബിന്റെ വിടവില്‍ കാല്‍ കുടുങ്ങിയാണ് ഒരുമനയൂര്‍ ഒറ്റതെങ്ങ് കരുമത്തില്‍ സുരേഷ് ഭാര്യ സിന്ധു (46) വിന് പരുക്കേറ്റത്. ചാവക്കാട് രാജ ഷോപ്പിങ് കോംപ്ലക്‌സിലെ സുരേഷിന്റെ ആധാരം എഴുത്ത് ഓഫീസിലെ ജീവനക്കാരിയാണ് സിന്ധു.

ഇന്നലെ വൈകിട്ട് നാലിന് സബ് റജിസ്ട്രാര്‍ ഓഫീസില്‍നിന്നും ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നുവരുമ്പോഴാണ് സ്ലാബിനുള്ളില്‍ സിന്ധുവിന്റെ കാല്‍ കുടുങ്ങിയത്. ഉടന്‍തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സയ്ക്ക് വിധേയമാക്കി. ഇടതുകാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

കാനയ്ക്ക് മുകളില്‍ സ്ഥാപിച്ചതും സ്ഥാപിക്കാത്തതുമായ സ്ലാബുകളെ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെ അപകടാവസ്ഥ അറിയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കാന്‍ തയാറായില്ല. സബ് ജയില്‍, സബ് റജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ് തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കായി നൂറുകണക്കിന് പേര്‍ ദിനംപ്രതി വന്നുപോകുന്ന സ്ഥലമാണിത്. ഇതിന് പുറമേ മുദ്രപത്ര വിതരണം, ആധാരം എഴുത്ത്, ആയുര്‍വേദ മെഡിക്കല്‍സ്,അക്ഷയ തുടങ്ങി പതിമൂന്നോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിലേക്കുള്ള വഴിയിലാണ് ഒരു സ്ലാബ് ഇടാതെയും മറ്റൊരു സ്ഥലത്ത് അപകടാവസ്ഥയിലും കാന പണിതിട്ടുള്ളത്. 

Latest Videos
Follow Us:
Download App:
  • android
  • ios