അപടക ദൃശ്യങ്ങള്‍ സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി.

കൊച്ചി: ആലുവ പെരുമ്പാവൂർ റോഡിൽ പോഞ്ഞാശേരിയിൽ സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക്. പോഞ്ഞാശേരി സ്വദേശിയായ ജമീലക്കാണ് പരിക്കേറ്റത്. പെരിങ്ങോട്ടുപറമ്പിൽ മുഹമ്മദ് കുഞ്ഞിന്‍റെ ഭാര്യയാണ് ജമീല. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം നടന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ചുണങ്ങുംവേലി സെന്‍റ് ജോസഫ് സ്കൂളിന്‍റെ ബസാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജമീലയെ ഇടിച്ചത്. ബസിന് അടിയിലേക്ക് തെറിച്ച് വീണ ഇവരെ അപകടം കണ്ട് ഓടികൂടിയവരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ ജമീലയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഓര്‍മ്മ വന്നെങ്കിലും എല്ലുകള്‍ക്ക് ഒടിവുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ജമീല.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. അപടക ദൃശ്യങ്ങള്‍ സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി. സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More : താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവല്ലറിന് തീ പിടിച്ചു

അതിനിടെ തിരുവനന്തപുരത്ത് ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് തെറിച്ച് വീണ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. നെയ്യാറ്റിൻകര അരങ്ക മുകൾ സ്വദേശി മന്യയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മന്യ. നെയ്യാറ്റിൻകര ടി ബി ജംഗ്ഷന് സമീപത്ത് വച്ചാണ് കളിയിക്കാവിള ബസിൽ നിന്ന് മന്യ തെറിച്ച് വീണത്. ബസ് നിർത്താതെ പോവുകയായിരുന്നു. ഇന്നലെ ആണ് സംഭവം നടന്നത്. 

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നിരവധി അപകടങ്ങളാണ് ഇതുവരെ റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. താമരശ്ശേരി ചുരത്തിൽ ട്രാവലറിനു തീപ്പിടിച്ച് അപകടമുണ്ടായി. ആറാം വളവിൽ വെച്ചാണ് ട്രാവലറിനു തീപ്പിടിച്ചത്. ആർക്കും പരുക്കേറ്റിട്ടില്ല. വയനാട് ലക്കിടിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്. സുൽത്താൻ ബത്തേരി മാതമംഗലം സ്കൂളിലെ കുട്ടികളുമായി എറണാകുളത്തേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്.