രാവിലെ ജോലിക്കു പോകാനായി രമ്യയെ വിളിച്ചപ്പോൾ താൻ വരുന്നില്ലെന്ന് പറയുകയും തുടർന്ന് കിണറ്റിൽ ചാടുകയുമായിരുന്നുവെന്നാണ് ഭർത്താവ് രാജേഷ് പറയുന്നത്.
ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ നാലു വയസ്സുകാരനായ മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ആറ്റിങ്ങൽ മാമം സ്വദേശി രമ്യയാണ് നാല് വയസുകാരനായ മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. എട്ട് വയസുള്ള മൂത്ത കുട്ടിയേയും ഇളയ മകൻ അഭിദേവിനെയും പിടിച്ച് രമ്യ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. കുതറി മാറി രക്ഷപ്പെട്ടതിനാൽ മൂത്ത കുട്ടി കിണറ്റിൽ വീണില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാർ സംഭവം ഫയർഫോഴ്സിനെ വിവരമറിയിച്ചു. അഗ്നിശമന സേനയെത്തിയാണ് ഇരുവരേയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
മാമം സ്വദേശി രാജേഷിന്‍റെ ഭാര്യയാണ് രമ്യ. ഇരുവരും ആറ്റിങ്ങലിൽ ഒരു വസ്ത്ര വ്യാപാര ശാലയിലെ ജീവനക്കാരായിരുന്നു. ഇന്ന് രമ്യ ജോലിക്ക് പോയിരുന്നില്ല. രാജേഷ് ജോലിക്കു പോയതിന് പിന്നാലെയാണ് രമ്യ കിണറ്റിൽ ചാടിയത്. രാവിലെ ജോലിക്കു പോകാനായി രമ്യയെ വിളിച്ചപ്പോൾ താൻ വരുന്നില്ലെന്ന് പറയുകയും തുടർന്ന് കിണറ്റിൽ ചാടുകയുമായിരുന്നുവെന്നാണ് രാജേഷ് പറയുന്നത്. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാജേഷിനെ വിശദമായി ചോദ്യം ചെയ്തെന്നും കുടുംബ പ്രശ്നങ്ങൾ ആയിരിക്കാം ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Read More : 'കലാരംഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുത്; വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണം'
