മഞ്ചേരി: ബലാത്സംഗ ശ്രമത്തിനിടെ മാതാവിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണം ഈ മാസം 15ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്)യില്‍ ആരംഭിക്കും.  പോത്തുകല്ല് ഉദിരക്കളം പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണി (47) ആണ് കൊല്ലപ്പെട്ടത്.  രാധാമണിയുടെ മകന്‍ പ്രജിത്ത് കുമാര്‍ (20) ആണ് പ്രതി.  2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം. മകന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് രാധാമണി തടഞ്ഞു. ഇതിലുള്ള വിരോധം മൂലം മാതാവിന്റെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഭര്‍ത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. ശശിയുടെ പരാതിയില്‍ പോത്തുകല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ 50 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരാകും.