പെരുമഴ, കോഴിക്കോട് റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് വയോധിക മരിച്ചു, അപകടം വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ
അപകടത്തിൽ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

കോഴിക്കോട്: കൊടുവള്ളി വാവാട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) ആണ് മരിച്ചത്. അപകടത്തിൽ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി 8.45 ഓടെ വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്ത് കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. സമീപത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സ്ത്രീകൾ. റോഡ് മുറിച്ചു കടക്കുമ്പോൾ കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ച മറിയയുടെ സഹോദരി വാവാട് കണ്ണിപ്പുറായിൽ സുഹറ, കുളങ്ങരകണ്ടിയിൽ മറിയം, പുൽക്കുഴിയിൽ ആമിന, കുളങ്ങരകണ്ടിയിൽ സുഹറയുടെ മകന്റെ ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ച മറിയയുടെ സംസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം വാവാട് ജുമാ മസ്ജിദിൽ നടക്കും.
മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യു വാഹനം അപകടത്തിൽപ്പെട്ടു
മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യു വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ഇന്നലെ രാത്രിയാണ് സംഭവം. പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം. നിയന്ത്രണം വിട്ട് വാഹനം തൂണിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കനത്ത മഴയില്‍ വാഹനം നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിറകിലാണ് ഫയർഫോഴ്സ് വാഹനം ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തിന്‍റെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരത്തേക്ക് തിരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം