തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ എ എൻ വിജിനും റോഷ്നിയും രണ്ട് സ്ത്രീകളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്. രണ്ട് മാസം മുമ്പ് ദമ്പതിമാരെന്ന പരിചയപ്പെടുത്തിയാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്

കൊച്ചി: പറവൂർ നന്ത്യാട്ടുകുന്നത്ത് ലഹരി മാഫിയാ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ വാടക വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ഏറ്റുമുട്ടലിനിടെ യുവതിയെ ബിയർ ബോട്ടിലിനടിച്ച് തലയ്ക്ക് പരിക്കേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു. ഏഴിക്കര പഞ്ചായത്തിലെ നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി കാറിലെത്തിയ യുവതി ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ എറിഞ്ഞ സ്ഫോടക വസ്തുക്കളിൽ ഒന്ന് പൊട്ടിപ്പോയി. ആക്രമണത്തിനിടെ വാടക വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടി പൊലീസിനെ വിവരമറിയിച്ചു. പറവൂർ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം കാറിൽ കടന്ന് കളഞ്ഞിരുന്നു. രാത്രി 12 മണിയോടെ അതേ സംഘം വീണ്ടും തിരിച്ചെത്തി വാടക വീട്ടിലുള്ളവരുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ രണ്ടാമത്തെ സ്ഫോടക വസ്തു എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല. ബഹളത്തിനിടെ വാടക വീട്ടിൽ താമസിക്കുന്ന റോഷ്നി (25) യെ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു.

3 ദിവസം മുമ്പും ഇതേ സംഘങ്ങൾ ഏറ്റുമുട്ടി

തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ എ എൻ വിജിനും റോഷ്നിയും രണ്ട് സ്ത്രീകളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്. രണ്ട് മാസം മുമ്പ് ദമ്പതിമാരെന്ന പരിചയപ്പെടുത്തിയാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്. ഒരാഴ്ചയ്ക്ക് ശേഷം ഒന്നിലേറെ യുവതികൾ കൂടി വീട്ടിൽ താമസിക്കാൻ തുടങ്ങുകയായിരുന്നു. വീടിനകത്തുളളവർ തമ്മിൽ വഴക്ക് പതിവായതോടെ സമീപവാസികൾ ചോദ്യം ചെയ്തിരുന്നു. ഇതോടെ നാട്ടുകാരുമായും രമ്യതയിലല്ലായിരുന്ന ഇവർ വീടിനകത്ത് എപ്പോഴും വളർത്തു നായയെ അഴിച്ചിട്ടിരുന്നു. നായയെയും കൂട്ടിയാണ് യുവതികൾ പുറത്ത് നടക്കാൻ ഇറങ്ങിയിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു. മൂന്ന് ദിവസം മുൻപ് നന്ത്യട്ടുകുന്നം പരിസരത്ത് വച്ച് ഇതേ സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. അന്നത്തെ ഏറ്റുമുട്ടലിൽ സമീപത്തെ വീടുകളുടെ ഗേറ്റ് ലൈറ്റുകളും പൊട്ടിയിരുന്നു.

ഈ ഞായറാഴ്ച രാത്രിയിലെ ആക്രമണത്തിന് ശേഷം പൊലീസ് എത്തി പൊട്ടാത്ത സ്ഫോടക വസ്തു ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റി, ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി. ലഹരി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. വാടക വീട്ടിന് സമീപമുള്ള പറമ്പിൽ നിന്ന് സിറിഞ്ചുകൾ ലഭിച്ചു. നേരത്തേ പാലാരിവട്ടത്ത് പൊലീസുമായി വാക്കുതർക്കമുണ്ടാക്കിയ യുവതിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും പൊലീസ് പറഞ്ഞു. കേസിലെ എല്ലാ പ്രതികളെയും പിടികൂടി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.