തിരുവനന്തപുരം ആർസിസി യിൽ ചികിത്സയ്ക്കായി സഹോദരനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് കൊല്ലം പരവൂർ സ്വദേശിയായ വീട്ടമ്മയുടെ കയ്യിൽ കരുതിയിരുന്ന 48,000 രൂപയും വസ്ത്രങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്

കൊല്ലം: കാൻസർ ചികിത്സയ്ക്കായി കരുതിവെച്ച പണം യാത്രാമധ്യേ നഷ്ടപ്പെട്ട് വിഷമിച്ച രോഗിയായ വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളം തന്നെ നൽകി മാതൃകയായ പൊലീസ് ഉദ്യോഗസ്ഥന് നാടിന്റെ കയ്യടി. കല്ലമ്പലം സ്റ്റേഷനിലെ എ എസ് ഐ അര്‍ഷാദിനും സഹപ്രവർത്തകരായ പൊലീസുകാര്‍ക്കും അഭിനന്ദന പ്രവാഹമാണ്.

തിരുവനന്തപുരം ആർസിസി യിൽ ചികിത്സയ്ക്കായി സഹോദരനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് കൊല്ലം പരവൂർ സ്വദേശിയായ വീട്ടമ്മയുടെ കയ്യിൽ കരുതിയിരുന്ന 48,000 രൂപയും വസ്ത്രങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ ബാഗ് തിരികെ ലഭിച്ചെങ്കിലും ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടമായി. തുടർന്ന് കല്ലമ്പലം പോലീസ് സ്റ്റേഷനിലെത്തി എ എസ് ഐ എ അർഷാദിനെ നേരില്‍ക്കണ്ട് വീട്ടമ്മയും സഹോദരനും സങ്കടമറിയിച്ചു. ഇവരുടെ ജീവിത ദുരിതം കേട്ട പൊലീസുകാർ ഉടൻ തന്നെ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല.

കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയ എ എസ് ഐ എ അർഷാദ് ഇടപെട്ട് സഹപ്രവർത്തകരായ പൊലീസുകാരുമായി ചേർന്ന് മൂന്ന് ദിവസം കൊണ്ട് സ്വന്തം കൈയില്‍ നിന്ന് 41000 രൂപ സമാഹരിച്ചു. പൊലീസുകാർ ഇവരുടെ പരവൂരിലെ വീട്ടില്‍ നേരിട്ടെത്തി തുക കൈമാറുകയായിരുന്നു. എ എസ് ഐ എ അർഷാദിന്‍റെയും കല്ലമ്പലം പൊലീസിന്‍റെയും നല്ല മനസ്സിന് അഭിനന്ദനങ്ങൾ പ്രവാഹമാണ് സ്റ്റേഷനിലേക്ക് എത്തുന്നത്.