സിപിഎമ്മിനെ തകർക്കാനുള്ള രാഷ്ട്രീയഗൂഢാലോചനയാണിതെന്നും ഇതിന് പിന്നിലുള്ളവരെക്കുറിച്ച് ഉടനെ വെളിപ്പെടുത്തുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ കല്‍പറ്റയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വയനാട്: യുവതിയുടെ ദുരൂഹ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരായ പരാതി വ്യാജമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം. സിപിഎമ്മിനെ തകർക്കാനുള്ള രാഷ്ട്രീയഗൂഢാലോചനയാണിതെന്നും ഇതിന് പിന്നിലുള്ളവരെക്കുറിച്ച് ഉടനെ വെളിപ്പെടുത്തുമെന്നും നേതാക്കള്‍ കല്‍പറ്റയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

വൈത്തിരി സ്വദേശിനിയായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കോൺഗ്രസ് നേതാക്കളടക്കം രാഷ്ട്രീയ ആയുധമാക്കിയ സാഹചര്യത്തില്‍ സിപിഎം ജില്ലാ നേതൃത്വം പ്രതിരോധത്തിലായിരുന്നു. ഘടകക്ഷി നേതാക്കളോടൊപ്പം, ആരോപണ വിധേയനായ സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിനും സി കെ ശശീന്ദ്രന്‍ എംഎല്‍എയും വാർത്താ സമ്മേളനം നടത്തിയാണ് വിഷയത്തില്‍ മുന്നണി നിലപാട് വ്യക്തമാക്കിയത്. കേസന്വേഷണം നടക്കട്ടെയെന്നും തെറ്റുകാർ ആരായാലും വെച്ചുപൊറുപ്പിക്കില്ലെന്നും സി കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

Read Also: വയനാട്ടില്‍ യുവതിയുടെ ദുരൂഹ മരണം; മരിക്കും മുന്‍പ് യുവതിയുടെ ദേഹത്ത് മുറിവുകളേറ്റതായി പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

കേസന്വേഷണത്തിന്‍റെ ഭാഗമായി ഗഗാറിന്‍റെ 10 മാസം മുമ്പ് മുതലുള്ള ഫോൺ രേഖകളടക്കം പരിശോധിച്ച അന്വേഷണസംഘം അദ്ദേഹത്തിന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ ഭർത്താവ് ജോൺ നല്‍കിയ പരാതിയില്‍ പറയുംപ്രകാരമുള്ള ഫോൺ സംഭാഷണങ്ങള്‍ യുവതിയുമായി ഗഗാറിന്‍ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോഴുള്ളത്. അതേസമയം, വൈത്തിരി പഞ്ചായത്ത് അംഗവും ഗഗാറിന്‍റെ മകനടക്കമുള്ള സിപിഎം പ്രവർത്തകരും ചേർന്ന് തന്നെ മർദിച്ചെന്ന ജോണിന്‍റെ പരാതിയില്‍ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read Also: വയനാട്ടിലെ യുവതിയുടെ ദുരൂഹ മരണം; സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു