Asianet News MalayalamAsianet News Malayalam

Kaniv 108 ambulance : കാസർകോട്ട് വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

കാസർകോട്ട് വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബെളാൽ കല്ലൻചിറ കൽവീട്ടിൽ ബാലകൃഷ്ണൻ്റെ ഭാര്യ ശ്യാമള (35) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്

woman who gave birth at home in Kasargod  Kaniv 108 ambulance crew as rescuers
Author
Kerala, First Published Dec 5, 2021, 10:10 PM IST

കാസർകോട്: കാസർകോട്ട് വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബെളാൽ കല്ലൻചിറ കൽവീട്ടിൽ ബാലകൃഷ്ണൻ്റെ ഭാര്യ ശ്യാമള (35) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ശ്യാമളയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108ൻ്റെ സേവനം തേടുകയായിരുന്നു. 

കൺട്രോൾ റൂമിൽ നിന്നുള്ള അത്യാഹിത സന്ദേശം ഉടൻ തന്നെ വെള്ളരിക്കുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് എസ്. ഇ സനൂപ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കെ.വി ഗ്രേഷ്മ എന്നിവർ ഉടൻ തന്നെ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് തന്നെ ശ്യാമള കുഞ്ഞിന് ജന്മം നൽകി. 

സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഗ്രേഷ്മ കുഞ്ഞിൻ്റെ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും ഉടൻ തന്നെ ആംബുലൻസ് പൈലറ്റ് സനൂപ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios