ഇല്ലാത്ത തസ്തികയില്‍ ആണ് നിയമനം നല്‍കിയിരിക്കുന്നതെന്നാണ് മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. 

കാസര്‍കോട്: എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ജോലി ലഭിച്ച കാസര്‍കോട് എതിര്‍ത്തോട് സ്വദേശി കാര്‍ത്യായനി ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ല. ഇല്ലാത്ത തസ്തികയില്‍ ആണ് നിയമനം നല്‍കിയിരിക്കുന്നതെന്നാണ് മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

എംപ്ലോയ്മെന്‍റ് എക്സ്‍ചേഞ്ച് മുഖേന ജൂണ്‍ 20 നാണ് കാര്‍ത്യായനി പാര്‍ട്ട് ടൈം റോഡ് സ്വീപ്പര്‍ ആയി നിയമിതയായത്. ഏപ്രില്‍ ഏഴിന് മംഗല്‍പാടി പഞ്ചായത്ത് ഓഫീസിലെ അഭിമുഖവും മറ്റ് നടപടിക്രമങ്ങളും പാലിച്ചായിരുന്നു നിയമനം. ദിവസവും രാവിലെ ഒന്‍പതിന് കാര്‍ത്യായനി മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ എത്തുന്നു. ഉച്ചയ്ക്ക് 12 വരെ ജോലി ചെയ്ത് മടങ്ങുന്നു. പക്ഷേ ഇതുവരെയും ശമ്പളമില്ല.

ഇല്ലാത്ത തസ്തികയില്‍ ആണ് നിയമനമെന്നാണ് മംഗല്‍പ്പാടി പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. റോഡ് സ്വീപ്പര്‍ എന്ന തസ്തിക പഞ്ചായത്തില്‍ ഇല്ല. ഉള്ളത് പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തിക. ഭരണ സമിതി തീരുമാനം എടുക്കാതെ ശമ്പളം അനുവദിക്കുന്നത് അടക്കമുള്ള നടപടികള്‍ സാധ്യമല്ലെന്നാണ് വിശദീകരണം. അടുത്ത ഭരണ സമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

YouTube video player