കായലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും ഇവര്‍ രണ്ടാമതും കായലിലേക്ക് എടുത്ത് ചാടി. 

തിരുവനന്തപുരം: കഴക്കൂട്ടത്തിന് സമീപം ആക്കുളം കായലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആക്കുളം പാലത്തില്‍ നിന്നുമാണ് യുവതി കായലില്‍ ചാടിയത്. യുവതി കായലില്‍ ചാടുന്നത് കണ്ട വേളി ബോട്ട് ക്ലബിലെ ജീവനക്കാരും അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കായലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും ഇവര്‍ രണ്ടാമതും കായലിലേക്ക് എടുത്ത് ചാടി. തുടര്‍ന്ന് ഇവരെ രണ്ടാമതും രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടാവസ്ഥ തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. 

യുവതി കായലില്‍ ചാടുന്നത് കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ആദ്യം വിജയിച്ചില്ല. തുടര്‍ന്ന് വേളി ബോട്ട് ക്ലബ് ജീവനക്കാര്‍ സ്പീഡ് ബോട്ടിലെത്തി യുവതിക്ക് പിടിച്ച് കയറാനുള്ള ടൂബും കയറും എറിഞ്ഞ് കൊടുത്തെങ്കിലും അതില്‍ പിടിച്ച് കയറാന്‍ യുവതി തയ്യാറായില്ല. മാത്രമല്ല, ഇതിനിടെ ഇവര്‍ ആഴമുള്ള ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ ബോട്ട് ജീവനക്കാരന്‍ കായലില്‍ ചാടി നീന്തിച്ചെന്ന് യുവതിയെ ബോട്ടിലേക്ക് ബലമായി പിടിച്ച് കയറ്റി കയ്ക്കെത്തിക്കുകയായിരുന്നു. എന്നാല്‍, കരയിലെത്തിയ ശേഷവും ഇവര്‍ വീണ്ടും കായിലേക്ക് തന്നെ ചാടി. ഈ സമയമായപ്പോഴേക്കും സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ബോട്ട് ജീവനക്കാരും ചേര്‍ന്ന് യുവതിയെ രണ്ടാമതും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കുകയായിരുന്നു.

വിവാഹശേഷം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി; ബാങ്ക് മാനേജര്‍ക്കെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതികൾ

പാലക്കാട്: പാലക്കാട് മൂണ്ടൂരിൽ പഞ്ചാബ് നാഷണൽ ബാങ്കിലെ മാനേജർ സലീമിനെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതികൾ. കോഴിക്കോട് മീഞ്ചന്ത, പാലക്കാട് യാക്കര സ്വദേശിനികളായ യുവതികളാണ് പരാതിയുമായി രംഗത്ത് എത്തിയത്. അനാഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു, ക്രൂരമായ പീഡനത്തിന് ഇരയാക്കി, സ്വർണം തട്ടിയെടുത്തു എന്നീ പരാതികളാണ് യുവതികൾ ബാങ്ക് മാനേജര്‍ക്കെതിരെ ഉന്നയിക്കുന്നത്. എന്നാൽ ബാങ്ക് മാനേജരായ സലീം ആരോപണങ്ങളെല്ലാം നിഷേധിച്ചു. 

പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് 2013 നവംബര്‍ 24-ന് കോഴിക്കോട് മീഞ്ചന്ത സ്വദേശിനിയായ സഫ്രീനയെ സലീം വിവാഹം കഴിക്കുന്നത്. 2018 വരെ ഇയാൾ സഫ്രീനക്കൊപ്പം കഴിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. പത്ര പരസ്യത്തിലൂടെയാണ് ഈ വിവാഹാലോചന എത്തിയത്. ആലപ്പുഴയാണ് സ്വദേശമെന്നും വിവാഹ മോചിതനാണെന്നുമായിരുന്നു ഇയാൾ സഫ്രീനയെ വിശ്വസിപ്പിച്ചിരുന്നത്. വിവാഹനത്തിന് മുമ്പ് വളരെ മാന്യമായും സ്നേഹത്തോടെയുമാണ് പെരുമാറിയിരുന്നത്. എന്നാല്‍ വിവാഹ ശേഷം ഇയാള്‍ ക്രൂരമായി പെരുമാറിയതായും നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നെന്ന് യുവതികളുടെ പരാതിയില്‍ പറയുന്നു. 

സമാന അനുഭവവമാണ് പാലക്കാട് യാക്കര സ്വദേശിനി സലീനയുടേതും. ആശുപത്രിയിൽ നഴ്സായിരുന്ന സലീനയും വിവാഹ മോചിതയായിരുന്നു. അതിനിടെയാണ് സലീമിന്‍റെ ആലോചന വന്നത്. 2019 ഡിസംബറിലായിരുന്നു വിവാഹം. ആദ്യം സ്നേഹത്തോടെ പെരുമാറിയ സലീമിൽ നിന്നും പിന്നീട് സലീനയ്ക്ക് ക്രൂരപീഡനം ഏറ്റവാങ്ങേണ്ടിവന്നെന്ന് പരാതിയില്‍ പറയുന്നു. അതേസമയം മതവിശ്വാസ പ്രകാരം അനുമതിയുള്ളത് കൊണ്ടാണ് ഒരേ സമയം പല വിഹാഹം കഴിച്ചതെന്നും യുവതികളെ മര്‍ദ്ദിച്ചെന്നടക്കമുള്ള മറ്റു ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് സലീം പറയുന്നത്.