ആലപ്പുഴ: പഠിച്ചത് ലാബ് ടെക്നീഷ്യൻ കോഴ്സ്, പക്ഷെ എത്തിപ്പെട്ടത് ഡ്രൈവിങ് പരിശീലകയുടെ വേഷത്തിൽ. ലോക വനിതാ ദിനം ഇന്ന് ആഘോഷിക്കുമ്പോൾ മാവേലിക്കര പോനകം കുറ്റിമലയിൽ പ്രിയ ബാബു (39) ആണു വ്യത്യസ്തമായ വേഷത്തിൽ തിളങ്ങുന്നത്. ഡ്രൈവിങ് പഠിച്ച ശേഷം അയൽപക്കത്തെ പെണ്‍കുട്ടിയെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചതോടെയാണു ഇൻസ്ട്രക്ടർ എന്ന നിലയിലേക്ക് ഉയർന്നത്.

ആദ്യം സ്കൂട്ടർ ആയിരുന്നു, പിന്നീടതു കാറിലേക്കും മാറി. 2004ൽ ആരംഭിച്ച ഡ്രൈവിങ് പരിശീലക എന്ന കുപ്പായം ഇപ്പോഴും തുടരുകയാണ്. ഡ്രൈവിങ് പരിശീലനം നേടിയ ഹൈറേഞ്ച് ഡ്രൈവിങ് സ്കൂളിൽ കുറച്ചു നാൾ പ്രിയ പരിശീലകയായി. 2 വർഷം മുൻപു മുള്ളിക്കുളങ്ങരയിൽ വീടിനോടു ചേർന്നു സ്വന്തമായി പരിശീലന സ്ഥാപനം ആരംഭിച്ചു. വാഹനം ഓടിക്കാൻ എത്തുന്നവരുടെ താൽപര്യം അനുസരിച്ചു ഗിയർ ഉള്ളതും ഇല്ലാത്തതുമായ കാറുകളിലാണു പരിശീലനം നൽകുന്നത്.

16 വർഷത്തിനുള്ളിൽ രണ്ടായിരത്തിലേറെ വനിതകളുടെ പരിശീലകയാകാൻ കഴിഞ്ഞതിന്റെ ആത്മാഭിമാനത്തിലാണു പ്രിയ. സ്വന്തമായി ഒരു വരുമാനം എന്നതിനൊപ്പം മാതാപിതാക്കളായ ഉണ്ണികൃഷ്ണക്കുറുപ്പ്, ഉഷാദേവി എന്നിവരുൾപ്പെടുന്ന കുടുംബത്തിനു ചെറിയൊരു കൈത്താങ്ങാകാൻ സാധിക്കുന്നതിലെ സന്തോഷവും പ്രിയക്കുണ്ട്. കെസി ബാബു ആണ് ഭർത്താവ്. ഇരട്ടകളായ അക്ഷയ്, ആവണി എന്നിവർ മക്കളാണ്.