തോട്ടപ്പള്ളി: വിവാഹവാര്‍ഷികത്തിനായി ഭര്‍തൃഗൃഹത്തിലേക്ക് പോവുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശിനി അഞ്ജു വി ദേവ് ആണ് മരിച്ചത്. ആലപ്പുഴ തോട്ടപ്പള്ളിയിൽ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റ പിതാവ് വാസുദേവൻ, മാതാവ് രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച വിവാഹ വാർഷികത്തിനായി പെരുമ്പാവൂരിലെ ഭർതൃഗൃഹത്തിലേക്ക് പോകുംവഴിയായിരുന്നു അപകടം. ശനിയാഴ്‌ച രാവിലെ 10.45 ഓടെയാണ്‌ അപകടം. കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കന്നാലിപാലത്തിന് സമീപം മീൻലോറിയുമായി ഇടിക്കുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ്‌ അപകടം.

ഇടിയുടെ ആഘാതത്തിൽ കാർ റോഡരുകിലെ താഴ്‌ചയിലേക്ക് തെറിച്ചു പോയി. പിൻ സീറ്റീൽ അമ്മക്കൊപ്പമായിരുന്നു അഞ്ജുവുണ്ടായിരുന്നത്. ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ് സി കഴിഞ്ഞ അഞ്ജു ഗവേഷണ വിദ്യാർഥിനിയായിരുന്നു.