ആലപ്പുഴ: തുമ്പോളിയിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തയ്യിൽ വീട്ടിൽ മറിയാമ്മയെ (70) ആണ് വീട്ടുവരാന്തയിൽ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. 

മറിയാമ്മയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ പത്രം വിതരണം ചെയ്യാനെത്തിയ ആളാണ് മറിയാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളാണ് പൊലീസില്‍ വിവരമറിയിച്ചത്. മറിയാമ്മയുടെ തലക്ക് പിന്നില്‍ പരിക്കുണ്ട്. കൂടാതെ നായ്ക്കള്‍ കടിച്ചതിന്റെ ചെറിയ മുറിവുകളും ശരീരത്തിലുണ്ട്. 

നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതാകാമെന്നാണ് പൊലീസ് നിഗമനം. കൊലപാതകം അടക്കം മറ്റ് കാരണങ്ങളും പൊലീസ് തള്ളികളയുന്നില്ല. പൊലീസ് നായ, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.