മാന്നാര്‍: പുരുഷന്‍മാരുടെ മാത്രം കുത്തകയായിരുന്ന പാടത്ത് നെല്‍കൃഷിയിറക്ക് സ്ത്രീകളുടെ കൈയില്‍ ഭദ്രമെന്ന് തെളിയിച്ച് ബുധനൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. പറമ്പിലെ പുല്ലുനീക്കലും, കുത്തലും, കിളയും മാത്രമല്ല തങ്ങളുടെ ജോലിയെന്ന് തെളിയിച്ചുകൊണ്ടാണ് നാലാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ 35 വര്‍ഷമായി തരിശായി കിടന്ന 2.5 ഏക്കര്‍ പാടത്ത് നെല്‍ കൃഷിയിറക്കി നൂറ് മേനി വിളവെടുത്തത്.

15-ഓളം വരുന്ന സ്ത്രീ തൊഴിലാളികളാണ് പാടത്ത് പടര്‍ന്ന് കയറിയ പുല്ലുകള്‍ ചെത്തി നീക്കി വരമ്പൊരുക്കി നിലം കൃഷി യോഗ്യമാക്കി മാറ്റിയത്. തരിശ് രഹിത പാടം പദ്ധതിയിലാണിവര്‍ കൃഷിയിറക്കിയത്. കൃഷിഭവനില്‍ നിന്നും സൗജന്യമായി ലഭിച്ച ഉമാ നെല്‍വിത്താണ് പാടത്ത് വിതച്ചത്. എല്ലാവരുടെയും അധ്വാനത്തിന് ഫലമുണ്ടായെന്നും പഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും സഹായവും കൃഷിയിറക്കാന്‍ കരുത്തേകിയെന്നും മേറ്റേണ്‍ ഇലഞ്ഞിമേല്‍ മാവന തുണ്ടിയില്‍ എ ലക്ഷ്മി പറഞ്ഞു.