കോഴിക്കോട്: ഫറൂക്കില്‍ എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ഫറൂഖ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.  കോഴിക്കോട് ഫറൂഖ് സ്വദേശി ജംഷീനയാണ് സ്കൂട്ടറില്‍ കഞ്ചാവ് കടത്തുമ്പോള്‍ എക്സൈസിന്‍റെ പിടിയിലായത്. 

ബാഗില്‍ ഒളിപ്പിച്ച എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രധാന ഏജന്‍റായ ഫറൂഖ് സ്വദേശി സലീമിന് കഞ്ചാവ് എത്തിക്കാന്‍ പോകുമ്പോഴാണ് യുവതി പിടിയിലായത്. സലീമുമായി ചേര്‍ന്ന് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കടത്താറുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. തീവണ്ടിയിലാണ് കഞ്ചാവ് കോഴിക്കോട്ട് എത്തിക്കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചാണ് പരിശോധനയില്‍ നിന്ന് ഇവര്‍ പലപ്പോഴും രക്ഷപ്പെടാറ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരത്തില്‍ സലീമുമായി ചേര്‍ന്ന് മധുരയില്‍ നിന്ന് യുവതി കഞ്ചാവ് കടത്തുന്നുണ്ട്. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് ജംഷീന സ്വന്തം വീട്ടില്‍ സൂക്ഷിക്കാറാണ് പതിവ്. പിന്നീട് പല തവണകളായി സലീമിന് എത്തിച്ച് കൊടുക്കും. പിന്നീട് ഇയാളാണ് ചെറിയ പൊതികളാക്കി കോഴിക്കോട് ജില്ലയിലെ വിവിധ കച്ചവടക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. സലീമിനെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം.