Asianet News MalayalamAsianet News Malayalam

എയര്‍പോര്‍ട്ടില്‍ ജോലിയെന്ന മോഹനവാഗ്ദാനത്തില്‍ കുടുങ്ങി; യുവതിയെ കബളിപ്പിച്ചു

ഒരു സ്ത്രീയാണ് ഫോൺ എടുത്തത്. ഹിന്ദി ഭാഷയാണ് ഇവർ സംസാരിച്ചത്. പ്ലസ് ടുവും ഹോട്ടൽ മാനേജ്‌മെന്റും വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് പറഞ്ഞപ്പോൾ രജിസ്ട്രേഷൻ തുകയായി 1,800 അടയ്ക്കാൻ ഇവർ ആവശ്യപ്പെട്ടു. ഈ പണം അടയ്ക്കാൻ ഉത്തർപ്രദേശിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നമ്പറും നൽകി

women lost money offering job in airport
Author
Vizhinjam, First Published Oct 20, 2019, 12:29 PM IST

തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക്  ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന  സംഘം സജീവമാകുന്നു. ജോലിക്കായി ശ്രമിച്ച വിഴിഞ്ഞം സ്വദേശനിയില്‍ നിന്ന് 6,000 രൂപയാണ് സംഘം തട്ടിയത്. വിഴിഞ്ഞം പുലിയൂർകോണം സ്വദേശിനി ദീപയ്ക്ക് ആണ് പണം നഷ്ടമായത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ഓണ്‍ലൈനില്‍ തൊഴിൽ പരസ്യം കണ്ട് ദീപ നമ്പറിൽ ബന്ധപ്പെടുന്നത്.

ഒരു സ്ത്രീയാണ് ഫോൺ എടുത്തത്. ഹിന്ദി ഭാഷയാണ് ഇവർ സംസാരിച്ചത്. പ്ലസ് ടുവും ഹോട്ടൽ മാനേജ്‌മെന്റും വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് പറഞ്ഞപ്പോൾ രജിസ്ട്രേഷൻ തുകയായി 1,800 അടയ്ക്കാൻ ഇവർ ആവശ്യപ്പെട്ടു. ഈ പണം അടയ്ക്കാൻ ഉത്തർപ്രദേശിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നമ്പറും നൽകി.

തുടർന്ന് ദീപ ഒക്ടോബർ മൂന്നിന് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറി. വിശ്വാസ്യത പിടിച്ചുപറ്റാൻ മറ്റൊരാൾക്ക് ജെറ്റ് എയർവേയ്‌സ് കമ്പനിയിൽ ജോലിക്ക് മുന്നോടിയായി ട്രൈനിംഗിന് തെരഞ്ഞെടുത്തുവെന്ന് കാട്ടി നൽകിയ ഓഫർ ലെറ്ററും തട്ടിപ്പ് സംഘം വാട്ട്‌സ് അപ്പ് ചെയ്തു നൽകി. എന്നാൽ, ജെറ്റ് എയർവേയ്‌സ് വിമാന കമ്പനി മാസങ്ങൾക്ക് മുൻപ് പൂട്ടിയതാണ്. കൂടാതെ ഇവർ അയച്ചു നൽകിയ ഓഫർ ലെറ്ററിൽ എയർ ഇന്ത്യയുടെ ലോഗോ ആണ് പതിച്ചിട്ടുള്ളതെന്നതും ഇംഗ്ലീഷിലെ ഈ ഓഫർലേറ്റർ മുഴുവനും അക്ഷരത്തെറ്റ് ആണെന്നതും ആദ്യം ശ്രദ്ധയില്‍പ്പെട്ടില്ല.

അടുത്ത ദിവസം യുവതി ദീപയെ ഫോണിൽ ബന്ധപ്പെട്ട ശേഷം സ്‌പൈസ് ജെറ്റ് കമ്പനിക്കായി കൊച്ചി വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് അറിയിച്ചു. അയ്യായിരം രൂപ ഉടൻ തന്നെ അടയ്ക്കണം എന്നും ആവശ്യപ്പെട്ടു. ഇതിനായി ഇവർ മറ്റൊരു അക്കൗണ്ട് നമ്പർ ദീപയ്ക്ക് നൽകി.

ഇവർ പറഞ്ഞത് അനുസരിച്ച് ദീപ അയ്യായിരം രൂപ അക്കൗണ്ടിലേക്ക് കൈമാറി. ഇത് കഴിഞ്ഞു മറ്റൊരു യുവതി ഫോണിൽ ബന്ധപ്പെട്ട് ദീപയോട് പന്ത്രണ്ടായിരം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇവർ നൽകിയ രണ്ടു ബാങ്ക് അക്കൗണ്ടുകളും ഉത്തർപ്രദേശിലെ ഫാറൂഖാബാദിലെ ബാങ്കുകളുടെയാണ്. ജോലി അവശ്യമില്ലായെങ്കിൽ ഈ പണം തിരികെ നൽകുമെന്നാണ് ഇവർ അറിയിച്ചിരുന്നത്.

എന്നാൽ, മൂന്നാമതും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ ദീപ അതിന് തയ്യാറായില്ല. ഇവരുടെ ഓഫീസിനെ കുറിച്ചുള്ള വിവരം ചോദിച്ച ദീപയോട് തങ്ങൾക്ക് ഓഫീസ് ഇല്ലെന്നും ഓണ്‍ലൈന്‍ വഴിയാണ് തങ്ങളുടെ പ്രവർത്തനമെന്നും അവർ പറഞ്ഞു. തുടർന്ന് തനിക്ക് ജോലി വേണ്ടായെന്നും അടച്ച പണം തിരികെ വേണമെന്നും ദീപ ആവശ്യപ്പെട്ടു. എന്നാൽ, ആദ്യം വിളിച്ച സ്ത്രീയുടെ നമ്പറിൽ ബന്ധപെടാനാണ് മറുപടി നൽകിയത്.

ഈ നമ്പറിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടപ്പോൾ പതിനാലു ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്ന് അറിയിച്ചത്. എന്നാൽ പിന്നീട് ബന്ധപ്പെടുമ്പോഴൊന്നും ഇവർ ഫോൺ എടുക്കുന്നില്ലായെന്നു ദീപ പറയുന്നു.  92055 08187, 74289 34796, 96506 84952 എന്നീ നമ്പറുകളിൽ നിന്നാണ് സംഘം ദീപയെ ബന്ധപ്പെട്ടത്. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും ദീപ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios