പത്തനംതിട്ട: റാന്നി വലിയകുളത്ത് വനിതാ പൊലീസ് കോൺസ്റ്റബിൾ തൂങ്ങി മരിച്ച നിലയിൽ. അടൂർ കെ എ പി ക്യാംപിലെ ഹണി രാജ് (27) നെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം മുറിയിൽ കയറിയ ഹണി ഏറെ നേരം കഴിഞ്ഞും പുറത്ത് വരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നപ്പോഴാണ് തൂങ്ങി മരിച്ചതായി കാണുന്നത്.

കഴിഞ്ഞ ദിവസം വരെ പമ്പയിൽ ഡ്യൂട്ടിയിലായിരുന്നു ഹണി. ജോലി സംബന്ധമായി പ്രശ്നങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും മരണ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും  ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു. റെയിൽവേ ജീവനക്കാരനായ സ്വരാജുമായി നാല് മാസം മുമ്പായിരുന്നു ഹണിയുടെ വിവാഹം. മൃതശരീരം ഇൻക്വസ്റ്റിനായി റാന്നി മാർത്തോമാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.