തൃശ്ശൂര്‍: കയ്യിൽ കിട്ടിയ പണവുമായി കടന്നുകളയാതെ അത് ഉടമസ്ഥയെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് മഹാരാഷ്ട്രയിൽനിന്നുള്ള രണ്ട് യുവതികൾ. വസ്ത്രങ്ങൾ ശേഖരിക്കുന്നതിനിടെ അതിനിടയിൽ‌ പെട്ടുപോയ പണമാണ് മഹാരാഷ്ട്രയിലെ സാങ്ക്‌ലിന്‍ ഗ്രാമത്തില്‍ നിന്നെത്തിയ സീത, ചന്ദ്രഭാഗ എന്നിവര്‍ ചേർന്ന് ഉടമസ്ഥയ്ക്ക് തിരികെ നൽകിയത്. മഹാരാഷ്ട്രയിലെ വയലുകളിൽ പണിയെടുക്കുന്നവർക്ക് ഉടുക്കാൻ തുണി വേണമെന്നാവശ്യപ്പെട്ട് കേരളത്തിൽ എത്തിയതാണ് ഇവർ.

തൃശ്ശൂർ നായരങ്ങാടി സ്വദേശി തൃക്കാശേരി വേലായുധന്റെ ഭാര്യ കല്യാണി(72)യുടെ വീട്ടിലായിരുന്നു വസ്ത്രങ്ങൾ ശേഖരിക്കുന്നതിനായി സീതയും ചന്ദ്രഭാഗയും അടങ്ങിയ സംഘം എത്തിയത്. വീട്ടിലെത്തിയവർക്ക് കല്യാണി വസ്ത്രങ്ങൾ നൽകി. എന്നാൽ തുണിക്കടിയിൽ സൂക്ഷിച്ചിരുന്ന പണത്തിന്റെ കാര്യം കല്യാണി ഓർത്തിരുന്നില്ല. വസ്ത്രവുമായി യുവതികൾ പോയതിനുശേഷമാണ് പണം യുവതികൾ കൊണ്ടുപോയ വസ്ത്രത്തിനുള്ളിലാണെന്ന കാര്യം കല്യാണിയുടെ ശ്രദ്ധയിൽപ്പെടുന്നത്.

യുവതികളെയും അന്വേഷിച്ച് കല്യാണിയയും ബന്ധുക്കളും ഇറങ്ങിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടർന്ന് പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ഇവർ പൊലീസിൽ പരാതിപ്പെട്ടു. 9000 രൂപയായിരുന്നു തുണിക്കിടയിൽ സൂക്ഷിച്ചിരുന്നത്. ഹിന്ദി സംസാരിക്കുന്നവരാണ് വീട്ടിൽ വന്നതെന്ന് മാത്രമായിരുന്നു യുവതികളെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളു.ഇതിനിടെ ശേഖരിച്ച തുണികൾ തരംതിരിക്കുന്നതിനിടെ യുവതികൾ കല്യാണിയുടെ വീട്ടിൽനിന്ന് ലഭിച്ച വസ്ത്രങ്ങൾക്കിടയിൽനിന്ന് പണം കണ്ടെത്തുകയായിരുന്നു.

തുടർന്ന് യുവതികൾ പണവുമായി കല്യാണിയുടെ വീട്ടിലെത്തി. പൊലീസില്‍ പരാതിപ്പെട്ടതറിഞ്ഞ യുവതികൾ കല്യാണിയേയും കൂട്ടി പൊലീസ്‌ സ്റ്റേഷനിലെത്തുകയും എസ്ഐ ബികെ അരുണിന്റെ സാന്നിധ്യത്തില്‍ തുക കൈമാറുകയും ചെയ്തു. ഗ്രാമങ്ങളില്‍ വയലുകളില്‍ വിയര്‍പ്പൊഴുക്കുന്ന ഇവര്‍ കര്‍ഷകര്‍ക്ക് നല്‍കുക സത്യത്തിന്റെ മണമുള്ള വസ്ത്രങ്ങളാണ്. ഇനിയും ഈ വഴി പോകുകയാണെങ്കില്‍ വീട്ടിലെത്തണമെന്നു പറഞ്ഞാണ് കല്യാണി ഇവരെ യാത്രയാക്കിയത്.