Asianet News MalayalamAsianet News Malayalam

സ്ത്രീകളെ വീടുകയറി ആക്രമിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്തു; പ്രതികൾക്ക് പത്ത് വർഷം കഠിനതടവ്

  • സ്ത്രീകളെ ആക്രമിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത പ്രതികൾക്ക് പത്തുവർഷം കഠിനതടവ്
  • ആലപ്പുഴ അഡീഷണൽ ഡിസ്‌ട്രിക്ട് ആന്റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്
women robbed of cash and jewelery the defendants received ten years rigorous imprisonment
Author
Alappuzha, First Published Oct 27, 2019, 9:01 AM IST

ആലപ്പുഴ: അർദ്ധരാത്രിയിൽ സ്ത്രീകളെ വീടുകയറി ആക്രമിച്ച് പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിനതടവ്. പ്രതികളായ തമിഴ്‌നാട് കമ്പം തേനി തിരുവള്ളൂർഭാഗത്ത് ടി ടി വി ദിനകരൻ നഗറിൽ വിഷ്ണുമൂർത്തി, മഞ്ചക്കോള കോളനിയിൽ കാട്ടുകുച്ചൻ എന്നിവരെയാണ് ശിക്ഷിച്ചത്. ആലപ്പുഴ അഡീഷണൽ ഡിസ്‌ട്രിക്ട് ആന്റ് സെഷൻസ് കോടതി ജഡ്ജി പി എൻ സീതയാണ് ശിക്ഷ വിധിച്ചത്. 

മാരാരികുളം വടക്ക് പഞ്ചായത്ത് ഒൻപതാം വാര്‍ഡിലെ വസന്തത്തിൽ രാധാകൃഷ്ണന്റെ വീട്ടിൽ 2012 മെയ് മാസം 17 അർദ്ധരാത്രിയാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറി രാധാകൃഷ്ണന്റെ ഭാര്യയേയും മരുമകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണും പ്രതികൾ അപഹരിക്കുകയായിരുന്നു.

പ്രതികൾ 25,000 രൂപ കോടതിയിൽ കെട്ടിവെയ്ക്കുകയും വേണം. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. കേസിൽ 4 പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി മരണപ്പെടുകയും രണ്ടാം പ്രതി നാടുവിട്ടുപോകുകയും ചെയ്തതിനാൽ മൂന്നും നാലും പ്രതികളെ വച്ചാണ് കേസ് നടത്തിയത്. സംഭവദിവസം രാധാകൃഷ്ണന്റെ ഭാര്യയും മരുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

ഇത് നിരീക്ഷിച്ചുകൊണ്ടിരുന്ന പ്രതികൾ മാരകായുധങ്ങളുമായി ഭവനഭേദനം നടത്തി അഭരണങ്ങൾ അഴിച്ചുനൽകാൻ ആവശ്യപ്പെടുകയും ഇത് നിഷേധിച്ച വീട്ടുകാരെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ആഭരണങ്ങളും പണവും മൊബൈൽഫോണും എടുത്ത് പ്രതികൾ പുറത്തുനിന്നും വാതിൽപൂട്ടി രക്ഷപെടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പി ഗീതയും അഡ്വ. പി പി ബൈജുവും ഹാജരായി.

Follow Us:
Download App:
  • android
  • ios