'പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണം, ഇല്ലെങ്കിൽ പിഴയടക്കം കർശന നടപടി'
ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമ ശൃംഖലകളിലൂടെയുള്ള ചൂഷണങ്ങള്‍ക്കെതിരെ നിയമ നടപടി: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമശൃംഖലകളിലൂടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.
10 വനിതകളില്‍ കൂടുതല്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണം. സെല്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കും.
പൊതുപ്രവര്‍ത്തന രംഗത്തുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളും. മുന്‍കൂട്ടി അറിയിപ്പുകള്‍ നല്‍കാതെ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ നിഷേധിച്ച് അധ്യാപകരെ പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
ജില്ലാതല അദാലത്തില്‍ 81 പരാതികള്‍ പരിഗണിച്ചു. 11 എണ്ണം തീര്‍പ്പാക്കി. ഒരു പരാതി കൗണ്‍സിലിങ്ങിനായും, അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും അയച്ചു. 64 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, എലിസബത്ത് മാമ്മന്‍ മത്തായി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ബെച്ച കൃഷ്ണ, ജയ കമലാസനന്‍, ശുഭ, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
Read more: 'ആരോഗ്യകരമായ ബന്ധങ്ങൾ എങ്ങനെയായിരിക്കണം', കുട്ടികളിൽ അവബോധം സൃഷ്ടിക്കണമെന്ന് വനിത കമ്മിഷൻ അധ്യക്ഷ
ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിന് കാസര്‍ഗോഡ് പബ്ലിക് ഹിയറിംഗ് അടുത്ത മാസം
സമൂഹത്തില്‍ വിവിധ സാഹചര്യത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിന് സംസ്ഥാന വനിതാ കമ്മിഷന്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒക്ടോബറില്‍ പബ്ലിക് ഹിയറിംഗ് നടത്തും. ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട വനിതകള്‍ കാസര്‍ഗോഡ് ജില്ലയിലാണ് ഉള്ളതെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹിയറിംഗ് നടത്തുന്നതെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍ഗോഡ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷനംഗം.
വിധവകള്‍, വിവാഹ മോചനം നേടിയവര്‍, അവിവാഹിതര്‍, ഭര്‍ത്താവിനെ കാണാതായവര്‍, മറ്റ് സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടവര്‍ എന്നിവര്‍ക്ക് ഹിയറിംഗില്‍ പരാതികള്‍ നല്‍കാം. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വിവിധ വിഷയങ്ങളിലാണ് കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നടത്തുന്നത്. ഹിയറിംഗില്‍ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും. തദ്ദേശ സ്ഥാപനങ്ങള്‍, വനിതാ സംഘടനകള്‍, കുടുംബശ്രീ എന്നിവ മുഖേന പബ്ലിക് ഹിയറിംഗ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കും.
ജില്ലാതല സിറ്റിംഗില്‍ 17 പരാതികള്‍ പരിഗണിച്ചു. ഇതില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ള 14 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം, സ്വത്ത് തര്‍ക്കം എന്നിവ സംബന്ധിച്ച പരാതികളായിരുന്നു ഏറെയും. മറ്റ് ജില്ലകളേക്കാള്‍ കുറവ് പരാതികളാണ് ജില്ലയില്‍ നിന്ന് ലഭിച്ചതെന്ന് വനിത കമ്മിഷന്‍ അംഗം പറഞ്ഞു. അഡ്വ. എം. ഇന്ദിരാവതി, വനിതാ സെല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സുപ്രിയ ജേക്കബ്, സിപിഒ കെ. ഗ്രീഷ്മ, വനിത സെല്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, വി. ശ്രീജിത്ത് എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.