മാനന്തവാടി: മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ കെഞ്ചിരയിലൂടെ താരമായി മാറിയ ആദിവാസി ബാലിക വിനുഷ രവിയെ സന്ദര്‍ശിച്ച് അഭിനന്ദനമറിയിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. വയനാട് മാനന്തവാടി എടവക പഞ്ചായത്തിലെ ദ്വാരക പത്തില്‍കുന്ന് കോളനിയിലെത്തിയാണ് ജോസഫൈന്‍ വിനിഷയെ കണ്ടത്.

 രാവിലെ പതിനൊന്നോടെ കോളനിയില്‍ ഉത്സവാന്തരീക്ഷത്തില്‍ പരമ്പരാഗത തുടിതാളത്തോളെയാണ് വനിതാ കമ്മിഷന്‍ അധ്യക്ഷയെ സ്വീകരിച്ചത്. തുടര്‍ന്ന് വിനുഷ രവിയുടെ പഠന, സിനിമാ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ അധ്യക്ഷ വിനുഷയ്ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി. ഒരു മണിക്കൂറോളം വിനുഷ രവിയോടും നാട്ടുകാരോടുമൊപ്പം ചെലവഴിച്ച ശേഷമാണ് എം.സി.ജോസഫൈന്‍ മടങ്ങിയത്. വിനുഷയുടെ അച്ഛന്‍ രവി, അമ്മ ഇന്ദു സഹോദരങ്ങള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഊരുകളില്‍ നിന്നുള്ള അമ്പതോളം പേരും വിനുഷയുടെ വീട്ടിലെത്തി. പൂര്‍ണമായും സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് അവര്‍ പങ്കെടുത്തത്.

ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി പ്ലസ് വണിന് അഡ്മിഷന്‍ കാത്തിരിക്കുകയാണ് വിനുഷ രവി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായ കെഞ്ചിരയില്‍, ഗൗണ്ടരുടെ തോട്ടത്തിലെ പത്രോസ് മുതലാളിയുടെ പീഡനത്തിന് ഇരയായ കെഞ്ചിര എന്ന ആദിവാസി ബാലികയുടെ ജീവിതമാണ് വിനുഷ രവിയുടെ ഭാവാഭിനയത്തില്‍ നിറഞ്ഞത്.