മലപ്പുറം: 40 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം നടക്കാത്തതിനാല്‍ സഞ്ചാരികള്‍ക്ക് ഉപകാരപ്പെടുന്നില്ല. ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി മലപ്പുറം ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കുട്ടികളുടെ പാര്‍ക്കാണ് സഞ്ചാരികള്‍ക്ക് ഉപകാരപ്പെടാതെ പോവുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് പാർക്ക് നിർമാണം തുടങ്ങിയത്. പണി പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും ഇതുവരെ ഇത് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടില്ല.

ടൂറിസം മന്ത്രിയുടെ അസൗകര്യം കാരണം രണ്ട് തവണ പാർക്കിന്‍റെ ഉദ്ഘാടനം മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാലാണ് നിശ്ചയിച്ച സമയത്ത് ഉദ്ഘാടന ചടങ്ങ് നടക്കാതെ പോയതെന്നും ആടുത്ത മാസം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോക്ടർ മുസ്തഫ കുന്നത്തൊടി പറഞ്ഞു. പാര്‍ക്ക് തുറന്നു നല്കിയാല്‍ ജില്ലയിലെ ഫാം ടൂറിസത്തിന് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.