തിരുവനന്തപുരം: കാട്ടാക്കട കിള്ളിയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട്  തൊഴിലാളി മരിച്ചു. കാട്ടാക്കട കിള്ളി കൊല്ലോട് തെക്കുംകര വീട്ടിൽ താജുദ്ധീൻ (48) ആണ് മരിച്ചത്. രാവിലെ 9 30 മണിയോടെയാണ് അപകടം. കെട്ടിടത്തിലെ മുകൾ  നിലകളിലേക്ക് പണി സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ടിയുള്ള താൽകാലിക ലിഫ്റ്റിൽ നിന്ന് കല്ലുകൾ ഇറക്കിയ ശേഷം സാധാനങ്ങള്‍ കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന അറവാന തിരികെ ലിഫ്റ്റിൽ കയറ്റുന്നതിനിടെ ലിഫ്റ്റ് താഴേക്ക് പോകുകയായിരുന്നു. 

അപ്രതീക്ഷിതമായി ലിഫ്റ്റ് താഴേക്ക് പോയതോടെ ലക്ഷ്യം തെറ്റിയ അറവാന ലിഫ്റ്റിന് ഇടയിലൂടെ താഴേക്ക് വീണു. താഴേക്ക് വീഴുന്ന അറവാന കണ്ട് തൊഴിലാളികൾ ഒച്ചവച്ച് ചിതറിയോടി. ഇതേ സമയം ലിഫ്റ്റിന് നേരെ താഴെയായി തടി ഉരുപ്പടികൾ മാറ്റിയിടുന്ന ജോലി ചെയ്യുകയായിരുന്ന മഹീൻ, സുരേഷ്, രാജൻ എന്നിവർ ശബ്ദം കേട്ട് ഓടി സമീപത്തെ മിക്സർ യൂണിറ്റിന് അടുത്തേക്ക് മാറി. എന്നാല്‍ കൂടെയുണ്ടായിരുന്ന താജുദ്ധീന്‍ ഓടി മാറുന്നതിനിടെ അറവാന ഇയാളുടെ തലയിലും മുഖത്തും വീഴുകയായിരുന്നു.  

ഉടനെ മറ്റ് തൊഴിലാളികൾ ഓടിയെത്തിയെങ്കിലും രക്തം വാർന്ന് അബോധാവസ്ഥയിലായ താജുദ്ധീനെ ആശുപത്രിയിലെത്താന്‍ വൈകി. ഒടുവിൽ ശബ്ദം കേട്ട് മറ്റുള്ളവരെത്തിയാണ് താജുദ്ധീനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം പങ്കജ കസ്തൂരിയിലും തുടർന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എസ്കെ ആശുപത്രിയിലും ഇവിടെ നിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലും താജുദ്ധീനെ എത്തിച്ചു.  എന്നാല്‍ താജുദ്ധീന്‍റെ ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി മൂന്ന് തൊഴിലാളികളെ സ്റ്റേഷനില്‍ വിളിപ്പിച്ച് വിരങ്ങള്‍ ആരാഞ്ഞു. ഐഎൻറ്റിയുസി തൊഴിലാളിയാണ് താജുദ്ധീൻ. ഭാര്യ റുബീന, മക്കൾ അമീർ, തൗഫീഖ്.