എഴുപത് ദിവസങ്ങള്‍ക്കിടെ ഗൂഢല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി നാല് പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
സുല്‍ത്താന്‍ബത്തേരി: എഴുപത് ദിവസങ്ങള്‍ക്കിടെ ഗൂഢല്ലൂര്‍, പന്തല്ലൂര്‍ താലൂക്കൂകളിലായി നാല് പേര്‍ കാട്ടാനയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുയാണ്. ഉപജീവനത്തിനായി സാധാരണ കൂലിപ്പണിയെടുത്ത് കഴിയുന്നവര്‍ക്കാണ് ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടമായിരിക്കുന്നത്.
ഗൂഡല്ലൂര്‍ താലൂക്കിലെ ഓവേലി പഞ്ചായത്ത് ന്യൂ ഹോപ്പ് സ്വദേശി മണി (61) ആണ് തിങ്കളാഴ്ച ഏറ്റവും ഒടുവിലായി കാട്ടാനക്കലിയില്‍ തീര്‍ന്നത്. രാവിലെ സ്വകാര്യ എസ്റ്റേറ്റിലേക്ക് കുടിവെള്ളവിതരണത്തിനായി തേയിലത്തോട്ടത്തിലൂടെ പോകുമ്പോള്‍ കാട്ടാന ആക്രമിക്കുയായിരുന്നു. മണിയുടെ കൂടെയുണ്ടായിരുന്ന ദുരൈ എന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ജീവന്‍ കിട്ടി. ദുരൈ വിവരമറിയിച്ചതിന് പിന്നാലെ എത്തിയ നാട്ടുകാര്‍ മൃതദേഹം സംഭവസ്ഥലത്ത് നിന്നും കൂടല്ലൂര്‍-എല്ലമല പ്രധാന റോഡില്‍ എത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു.
രാവിലെ ഒമ്പത് മണി മുതല്‍ തുടങ്ങിയ ഉപരോധം ഉച്ചര്ര് രണ്ട് മണി വരെ നീണ്ടു. പിന്നീട് സംഭവസ്ഥലത്ത് എത്തി സമരക്കാരുമായി ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു, ഡിഎസ്പി വസന്തകുമാര്‍, തഹസില്‍ദാര്‍ മുത്തുമാരി തുടങ്ങിയവര്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം നടപടിക്രമങ്ങള്‍ക്കായി വിട്ടുനല്‍കിയത്. ആഴ്ച്ചകള്‍ക്ക് മുമ്പ് മാത്രമാണ് മേഖലയില്‍ മറ്റു മൂന്ന് തൊഴിലാളികള്‍ കാട്ടാനയുടെ ആക്രമണത്തിനിരയായത്. പന്തല്ലൂര്‍ താലൂക്കിലുള്‍പ്പെട്ട ബിദര്‍ക്കാടുള്ള ജോയ്, കൊളപ്പള്ളിയിലെ ലക്ഷ്മി, ഗൂഢല്ലൂര്‍ താലൂക്കിലെ മച്ചിക്കൊല്ലിയിലെ ആര്‍മുഖന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
വയനാട്, ബന്ദിപ്പൂര്‍, നിലമ്പൂര്‍ വനമേഖലകളില്‍ നിന്നുള്ള ആനകള്‍ നിലഗിരി ജില്ലയിലേക്ക് എത്തുന്നതായാണ് വനംവകുപ്പിന്റെ നിഗമനം. നീലഗിരി ജില്ലയില്‍ വനപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന നിരവധി ഇടങ്ങളില്‍ ആനത്താരകള്‍ ഉണ്ട്. ഇതുവഴി എത്തുന്ന ആനകളാണ് അപകടകാരികളാകുന്നത്. അതേ സമയം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ ഉടന്‍ നഷ്ടപരിഹാരമായി ലഭിക്കുമെന്നതൊഴിച്ചാല്‍ വന്യമൃഗങ്ങളെ സ്ഥിരമായി തടയുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ ഫലപ്രദമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
