Asianet News MalayalamAsianet News Malayalam

ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴു; ഒരു കുടുംബത്തിലെ 5 പേർ ആശുപത്രിയിൽ, ഹോട്ടലിന് ലൈസൻസുമില്ല

ഹോട്ടൽ അസോസിയേഷൻ കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് കുടിയാണ് റസ്റ്റോറന്റ് ഉടമ. പുഴുവിനെ കണ്ട് വിവാദമുണ്ടായിട്ടും ശുചീകരണം പോലും നടത്താതെ പിറ്റേ ദിവസം പഴയതുപോലെ ഹോട്ടൽ പ്രവർത്തിക്കുകയും ചെയ്തു.

worm found in fried chicken brought from restaurant in thiruvananthapuram five members of a family fell ill
Author
First Published Aug 29, 2024, 7:43 PM IST | Last Updated Aug 29, 2024, 7:43 PM IST

കാട്ടാക്കട: ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴുവിനെ കണ്ടെത്തി. ചിക്കൻ കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ. കാട്ടാക്കട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ പരാതിയെ തുടർന്ന് അധികൃതർ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവരുടെ പരിശോധനയിൽ ഹോട്ടലിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഹോട്ടൽ അസോസിയേഷൻ കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹോട്ടലുടമ വിക്രമൻ  ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിപ്പിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.

ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ്  കാട്ടാക്കട, കഞ്ചിയൂർക്കോണം,വാനറ തല വീട്ടിൽ അനി (35), ഭാര്യ അജിത (28), അനിയുടെ സഹോദരി ശാലിനി (36), ശാലിനിയുടെ മക്കളായ ശാലു (17), വർഷ (13) എന്നിവരെകാട്ടാക്കട ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും  പ്രവേശിപ്പിച്ചത്. ചിക്കൻ കഴിച്ച ഉടനെ ഇവർക്ക് വയറിൽ അസ്വസ്ഥതയും ഛർദിയുമുണ്ടായി. തുടർന്ന് ഇവിടെയെത്തിയ ബന്ധു നടത്തിയ പരിശോധനയിലാണ്  കഴിച്ചതിൽ ബാക്കി ഉണ്ടായിരുന്ന ചിക്കനിൽ ചത്ത പുഴുവിനെ കണ്ടെത്തിയത്.  തുടർന്ന് കുട്ടികളെ ഉൾപ്പെടെ അഞ്ചുപേരെയും കാട്ടാക്കട  സർക്കാർ ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിക്കയായിരുന്നു. കാട്ടാക്കട പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷമാണ് കുടുംബം നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടിയത്.

പരാതികളെ തുടർന്ന് ആമച്ചൽ  കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ കെ.ജെ,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർമാരായ  ചിഞ്ചു കെ പ്രസാദ്, ഹാഷ്മി മോൾ, ഹരിത, കാട്ടാക്കട പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനുജ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, അരുവിക്കര ഭക്ഷ്യ സുരക്ഷ ഇൻസ്പെക്ടർ പൂജാ രവീന്ദ്രൻ, നെയ്യാറ്റിൻകര ഭക്ഷ്യ സുരക്ഷ ഇൻസ്പെക്ടർ  അനുജ എന്നിവർ ഐശ്വര്യ ഹോട്ടലിൽ പരിശോധന നടത്തി.

പരിശോധനക്ക് എത്തുമ്പോൾ പാചകം ചെയ്യാനായി തയാറാക്കി വച്ചിരിക്കുന്ന ഇറച്ചി, പച്ചക്കറി, കറികൂട്ടുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നിലത്തും മേശക്ക് അടിയിലും വൃത്തിഹീനമായ സാഹചര്യത്തിൽ തുറന്ന് വെച്ച നിലയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഭക്ഷണത്തിൽ പുഴു കണ്ടെത്തി വിവാദമായിട്ടും അടുത്ത ദിവസം ഇത് വകവെയ്ക്കാതെ ഹോട്ടലിൽ ഒരു ശുചീകരണവും നടത്താതെ വൃത്തിഹീനമായിത്തന്നെ  പ്രവർത്തനം തുടർന്നതിൽ ആശ്ചര്യമുണ്ടെന്ന് പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷണ അവശിഷ്ടങ്ങൾ അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു. ജീവനക്കാർ  ഹെഡ് ക്യാപ്  ധരിക്കാതെയും വൃത്തിഹീനമായ വസ്ത്രങ്ങൾ ധരിച്ച നിലയിലുമായിരുന്നു. 

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ പാഴ്‌വസ്തുക്കളുടെ ശേഖരം കണ്ടെത്തി. ഭക്ഷണം കൊടുക്കുന്നതിന് ഉപയോഗിച്ചിരുന്ന ഇല വൃത്തിഹീനമാണെന്നു കണ്ടെത്തി. പൂപ്പൽ പിടിച്ച നാരങ്ങാ അച്ചാറും ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ് ഹോട്ടലിലും പരിസരത്തും ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിൾ പരിശോധന നടത്തണമെന്നും  അധികൃതർ നിർദേശം നൽകി

ആരോഗ്യ വകുപ്പും, ഭക്ഷ്യ സുരക്ഷ വകുപ്പുകളും പ്രത്യേകം പ്രത്യേകം നോട്ടിസ് നൽകുകയും അടിയന്തിരമായി ഹോട്ടൽ പൂട്ടാനുള്ള നിർദേശം നൽകുകയും ചെയ്തു. പഴകിയ ഭക്ഷണങ്ങളുടെയും കഴിഞ്ഞ ദിവസം പരാതിക്കാരൻ വാങ്ങിയ  പൊരിച്ച കോഴി ഇറച്ചിയുടെ സാമ്പിളും ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ചു. ഇ ലാബിൽ അയച്ചു പരിശോധന നടത്തും. അപാകതകൾ പരിഹരിച്ച് ഹോട്ടൽ ശുചീകരിച്ച് ഫോട്ടോ സഹിതം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹിയറിങ്ങിനു സമർപ്പിക്കണമെന്നും ശേഷം പരിശോധന നടത്തി ഉറപ്പു വരുത്തിയിട്ടു മാത്രമേ ഹോട്ടൽ തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകുകയുള്ളൂ എന്ന് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios