കൊച്ചി: മൂവായിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങളും 120 വരിക്കാരുമുളള ഏഴാം ക്ലാസുകാരിയുടെ വായനശാല കൗതുകമാകുന്നു. കൊച്ചി മട്ടാ‌ഞ്ചേരി ടിഡി സ്കൂളിലെ വിദ്യാർഥിനിയായ യശോദ ഷേണായിയാണ് 'യശോദാസ് ലൈബ്രറി' എന്ന മനോഹരമായ ഈ വായനശാലയ്ക്ക് പിന്നിൽ. പുസ്തകം വായിക്കാനെത്തുന്നവർക്ക് വായനശാലയിൽ അംഗത്വവും സൗജന്യമാണ്.

വീടിന്‍റെ മുകളിലത്തെ നിലയിലാണ് യശോദ തന്റെ സാമ്രാജ്യം പണിതുയർത്തിയത്. മട്ടാഞ്ചേരിയിലെ നൂറ് കണക്കിനാളുകൾക്ക് പുസ്തകങ്ങളുടെ ലോകത്തേക്കുള്ള വാതിൽ തുറന്ന് കൊടുക്കാനാണ് യശോദ വായനശാല തുടങ്ങിയത്. കുഞ്ഞുണ്ണിമാഷും ബഷീറും മാക്സിം ഗോർക്കിയും തൊട്ട് കുഞ്ഞുങ്ങൾക്കായുള്ള അമർചിത്ര കഥകൾ വരെ യശോദാസ് ലൈബ്രറിയിൽ വായനക്കാരെ കാത്തിരിപ്പുണ്ട്. യശോദയുടെ അധ്യാപകരും കൂട്ടുകാരുമെല്ലാം ഈ ലൈബ്രറിയിലെ അംഗങ്ങളാണ്.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പുസ്തകങ്ങളോട് കൂട്ട് കൂടിയതാണ് യശോദ. സഹോദരന് മെമ്പർഷിപ്പുള്ള വായനശാലയിൽ നിന്ന് പുസ്തകങ്ങളെടുത്ത് വായിക്കാൻ തുടങ്ങി. ഒരിക്കൽ പുസ്തകം മടക്കിനൽകാൻ വൈകിയതിന്  അച്ഛൻ
പിഴയടക്കുന്നത് കണ്ടപ്പോഴാണ് വായന സൗജന്യമല്ലെന്ന് യശോദ അറിയുന്നത്. പണമില്ലാത്തവർക്കും വായിക്കേണ്ടേ എന്ന ചിന്തയിൽ നിന്നാണ് ആറ് മാസം മുമ്പ് യശോദാസ് ലൈബ്രറി പിറക്കുന്നത്.

യശോദയുടെ ലൈബ്രറിയിൽ ഒരു പുസ്തകം പോലും പണം കൊടുത്ത് വാങ്ങിയതല്ല. ആക്രിക്കടയിൽ നിന്നാണ് കൂടുതൽ പുസ്തകങ്ങളും കിട്ടിയിട്ടുള്ളതെന്ന് യശോദ പറയുന്നു. ചിത്രകാരൻ കൂടിയായ അച്ചൻ ദിനേശ് ഷേണായ് ഫേസ്ബുക്കിൽ കുറിച്ചതോടെ നിരവധി പേർ പുസ്തകങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. ചേട്ടൻ അച്ചുത് ലൈബ്രറിയുടെ നടത്തിപ്പിൽ യശോദയ്ക്ക് കൂട്ടായിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ എഴുത്തുകളെ ഏറെ ഇഷ്ടപ്പെടുന്ന ഈ കുഞ്ഞു ലൈബ്രേറിയന് വായിച്ചും പഠിച്ചും ഒരു വക്കീലാകണമെന്നാണ് ആഗ്രഹം.