യാ‌സ്നയുടെ മൃതദേഹത്തെ അനുഗമിച്ച് ഷംനാദ് നാട്ടിലേക്ക് വരാതിരുന്നതിലും ബന്ധുക്കൾക്ക് സംശയം

തിരുവനന്തപുരം: വര്‍ക്കല സ്വദേശിയായ യുവതിയെ ഷാര്‍ജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വർക്കല ഓടയം സ്വദേശിനി യാസ്നയാണ് മരിച്ചത്. യുവതിയുടെ ശരീരമാസകലം മർദനമേറ്റ പാടുകള്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലിസീൽ പരാതി നൽകി.

യാസ്നയും ഭര്‍ത്താവും അഞ്ചര വയസുള്ള കുഞ്ഞും ഷാര്‍ജയിലായിരുന്നു താമസം. മാര്‍ച്ച് 23 നാണ് യാസ്നയെ ഷാര്‍ജയിലെ വീട്ടിലെ കുളിമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഭര്‍ത്താവ് ഷംനാദ് ഷാര്‍ജ പൊലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും ഷാര്‍ജയിലെത്തി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് മൃതദേഹം നാട്ടിലെത്തിച്ചു. യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയതോടെ നാട്ടിലെത്തിച്ച ശേഷം ബന്ധുക്കള്‍ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടു. മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരാന്‍ ഷംനാദ് തയാറാകാത്തതും ബന്ധുക്കളില്‍ സംശയം വര്‍ധിപ്പിച്ചു.

യാസ്നയുടെത് ആത്മഹത്യയാണെന്ന് ഷാര്‍ജ പൊലീസ് പറയുന്നു. നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ വർക്കല അയിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്