പ്രതികൾ അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണെന്ന് അധകൃതര്‍

പാലക്കാട്: പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 9.6 കിലോ കഞ്ചാവുമായി ഒഡീഷയിലെ മുനിഗുഡ സ്വദേശികളായ ജയന്ത് നായക് (19), രാജേന്ദ്ര ലിമ (19) എന്നിവർ അറസ്റ്റിലായി. ഒഡീഷയിലെ രായഗഡയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്. പ്രതികൾ അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണെന്നും ഇതിനു മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെങ്കിലും പിടിക്കപ്പെടുന്നത് ആദ്യമായാണെന്നും അധികൃതർ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 5 ലക്ഷം രൂപയോളം വില വരും.

അതിനിടെ, മലപ്പുറത്ത് വില്‍പ്പനക്കായെത്തിച്ച 9.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അലനല്ലൂര്‍ സ്വദേശികളായ ചെറുക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48)എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ എസ് ഐ. എ എം യാസിറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. മണ്ണാര്‍ക്കാട്, അലനെല്ലൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്ന സംഘത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പൊലീസ് പൊക്കിയത്. ചരക്ക് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തവെയാണ് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.