കൃത്രിമ ശ്വാസം നൽകി നടത്തിയ അടിയന്തര ശസ്ത്രക്രിയയിലാണ് ശ്വാസകോശത്തിൻ്റെ ഇടതു വശത്തേ നാളത്തിൽ ഒരു മുഴ കണ്ടെത്തിയത്.
കൊച്ചി: വർഷങ്ങളായി കടുത്ത ചുമ ആശുപത്രിയിലെത്തിയത് രക്തം ചുമച്ച് തുപ്പുന്ന നിലയിൽ. രക്ഷപ്പെടുമെന്ന പ്രതീക്ഷകളില്ലാതെ കൊച്ചിയിൽ ചികിത്സ തേടിയെത്തിയ പശ്ചിമ ആഫ്രിക്ക സ്വദേശിയുടെ ശ്വാസകോശ നാളത്തിൽ നിന്ന് നീക്കിയത് കാൻസർകാരിയായ മുഴ. വിക്ടർ എന്ന പശ്ചിമ ആഫ്രിക്കൻ സ്വദേശിയാണ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വിക്ടർ എന്ന സഹോദരനുമായി ചികിത്സ തേടി പാട്രിക്ക് ഫ്രിമാൻ പശ്ചിമ ആഫ്രിക്കയിലെ സിയറാ ലിയോണിൽ നിന്നും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് മൂന്ന് വർഷമാണ്.
ചുമയും ശ്വാസകോശ തടസവും കൂടുക മാത്രം ചെയ്തതല്ലാതെ മറ്റ് വ്യത്യാസങ്ങളുണ്ടാവാതെ വന്നതോടെയാണ് വിക്ടറുമായി സഹോദരൻ തുർക്കിയിലെത്തിച്ചത്. ചുമച്ച് അവശനായി രക്തം തുപ്പുന്ന അവസ്ഥയിലായ വിക്ടറിന്റെ ശ്വാസകോശത്തിനുള്ളിൽ അന്യവസ്തുവുണ്ടെന്ന് വ്യക്തമാവുന്നത് തുർക്കിയിൽ നിന്നാണ്. എന്നാൽ ഇതെന്താണെന്ന് തുർക്കിയിലെ ഡോക്ടർമാർക്കും സാധിച്ചില്ല. ഈ ഘട്ടത്തിലാണ് കൊച്ചി അമൃത ആശുപത്രിയിലെ പൾമണോളജി വിഭാഗത്തേക്കുറിച്ച് പാട്രിക് അറിയുന്നത്. ഇതിന് പിന്നാലെയാണ് വിക്ടറിനെ കൊച്ചിയിലേക്ക് റഫർ ചെയ്യുന്നത്. അവസാന പ്രതീക്ഷയെന്ന നിലയിലാണ് അമൃത ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ ടിങ്കു ജോസഫിനെ ഇവർ കാണുന്നത്.
ഡോ. ടിങ്കുജോസഫിന്റെ നേതൃത്വത്തിൽ നടന്ന വിദഗ്ധ പരിശോധനയിൽ ശ്വാസകോശത്തിൻ്റെ ഇടതു വശത്തേ നാളത്തിൽ ഒരു മുഴ കണ്ടെത്തുകയായിരുന്നു. കൃത്രിമ ശ്വാസം നൽകിയായിരുന്നു ആ ഘട്ടത്തിൽ രോഗിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഉടനെ ശസ്ത്രക്രിയ നടത്തി മുഴ പൂർണമായും നീക്കം ചെയ്തു. പിന്നാലെ ഇടത് ശ്വാസകോശം പൂർണമായും തുറന്നു കിട്ടുകയും ചെയ്തു. ഇതോടെ രോഗിയ്ക്ക് ശ്വാസതടസ്സം പൂർണമായി ഭേദപ്പെട്ടു. ചുമയും നിന്നു. ആരോഗ്യം മെച്ചപ്പെട്ടു എങ്കിലും എടുത്തു മാറ്റിയ മുഴയിലെ കോശങ്ങൾ പരിശോധനയ്ക്ക് അയച്ചപ്പോൾ എട്ടിപ്പിക്കൽ കാർസിനോയിഡ് എന്ന ട്യൂമറാണെന്ന് സ്ഥിരികരിച്ചു. അർബുദ നിർണയം നടത്തിയപ്പോൾ അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചതായി കണ്ടെത്തി.
ഇതിന് പിന്നാലെ മെഡിക്കൽ ഓൺകോളജി വിഭാഗത്തിലെ ഡോ. സൗരഭ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അർബുദത്തിനുള്ള ചികിത്സയും കീമോതെറാപ്പിയും എടുത്തതോടെ വിക്ടർ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി. മികച്ച പുരോഗതിയാണ് പിന്നിട് വിക്ടറിന് ഉണ്ടായതെന്ന് ബന്ധുക്കൾ പ്രതികരിക്കുന്നത്. രണ്ട് മാസത്തെ ചികിത്സ പൂർത്തിയാക്കി കേരളത്തിലെ ചികിത്സാ സംവിധാനത്തെയും അമൃത ആശുപത്രിയിലെ പരിചരണത്തിനും ഹൃദയപൂർവ്വം നന്ദി പറഞ്ഞാണ് വിക്ടർ സിറയാ ലിയോണിലേക്ക് മടങ്ങുന്നത്.


