മലപ്പുറം ചാപ്പപ്പടി ഹാർബറിന് സമീപം കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ 29-കാരനായ ജലീൽ മുങ്ങിമരിച്ചു. മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ദ്ധരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് ഖബറടക്കും.

മലപ്പുറം: കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്റെ മകന്‍ ജലീല്‍ (29) ആണ് മരിച്ചത്. ചാപ്പപ്പടി ഹാര്‍ബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്‌ധരം നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. 

പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹസ്‌നിയയാണ് മരിച്ച ജലീലിൻ്റെ ഭാര്യ. ലഹ്ന ഏക മകളാണ്. കുഞ്ഞീവിയാണ് ജലീലിൻ്റെ മാതാവ്. മുസ്‌തഫ, കാസിം, അസ്‌മാബി, ഹസീന, ആസിഫ, അഫ്‌സിബ എന്നിവർ സഹോദരങ്ങളാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്. ഇന്ന് അങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും.