32 കുപ്പികളിലായി സൂക്ഷിച്ച 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.

മലപ്പുറം: ഇലക്‌ട്രിക് സ്കൂട്ടറില്‍ വിദേശമദ്യം വില്‍പന നടത്തുന്നതിനിടെ യുവാവ് എക്സൈസ് പിടിയിലായി. പുതിലാട് സ്വദേശിയായ അയ്യാം മഠത്തില്‍ വീട്ടില്‍ വൈഷ്ണവിനെയാണ് പിടികൂടിയത്. എടവണ്ണ പുതിലാട് ഭാഗത്ത് വെച്ച്‌ വിദേശമദ്യം വില്‍പന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഇയാളിൽ നിന്നും 32 കുപ്പികളിലായി സൂക്ഷിച്ച 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.

എടവണ്ണ കല്ലിടുമ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വൈഷ്ണവ് സ്ഥിരമായി മദ്യവില്‍പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു ഇയാളുടെ പതിവ് രീതി. ഏകദേശം ഒരു വർഷം മുൻപും സമാനമായ കേസില്‍ വൈഷ്ണവ് ഇലക്‌ട്രിക് സ്കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടിയിലായിരുന്നു.

അന്ന് റിമാൻഡിലായ ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും മദ്യവില്‍പനയിലേക്ക് തിരിയുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണ പ്രതിയെ പിടികൂടിയത്.