ഷർട്ട് വലിച്ചു കീറുകയും അസഭ്യം പറയുകയും ദേഹത്തേക്കു തുപ്പുകയും ചെയ്തു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിദേശ മദ്യവും കഞ്ചാവും വിൽക്കുന്നവരാണ് മര്‍ദ്ദിച്ചത്.

കൊച്ചി: ആലുവയിൽ കഞ്ചാവ് വിൽപ്പന പൊലീസിനെ വിളിച്ചറിയിച്ചതിന് യുവാവിന് മർദ്ദനമെന്ന് പരാതി. വടാട്ടുപാറ സ്വദേശി ആൽബർട്ടിനാണ് മർദ്ദനമേറ്റത്. ആൽബട്ടിനെ മര്‍ദ്ദിച്ച സംഘം ഷർട്ട് വലിച്ചു കീറുകയും അസഭ്യം പറയുകയും ദേഹത്തേക്കു തുപ്പുകയും ചെയ്തു. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിദേശ മദ്യവും കഞ്ചാവും വിൽക്കുന്നവരാണ് മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് അൽബർട്ട് പൊലീസിൽ പരാതി നൽകി.

വീഡിയോ റിപ്പോര്‍ട്ട് കാണാം...
Watch Video

അതേസമയം മറ്റൊരു സംഭവത്തില്‍ കൊല്ലം അയത്തില്‍ - മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊറ്റംങ്കര സ്വദേശി സനല്‍ കുമാറിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 8.08 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തെന്ന് എക്‌സൈസ് അറിയിച്ചു. കഞ്ചാവ് വില്‍പ്പന നടത്തിയ വകയിൽ 14390 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കൊല്ലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രാജുവും സംഘവും ചേര്‍ന്നാണ് സനല്‍കുമാറിനെ പിടികൂടിയത്. വിനോദ് ശിവറാം, സുരേഷ് കുമാര്‍, വിഷ്ണു രാജ്, പി ശ്രീകുമാര്‍, ബിനു ലാല്‍, ട്രീസ ഷൈനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം നാവായിക്കുളം ഭാഗത്ത് ബൈക്കില്‍ കടത്തി കൊണ്ടു വന്ന കഞ്ചാവും പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. ചിറയിന്‍കീഴ് വെള്ളല്ലൂര്‍ സ്വദേശി ടിപ്പര്‍ ഉണ്ണി എന്ന ഉണ്ണി, ഇടവ സ്വദേശി മണികണ്ഠന്‍ എന്ന വിമല്‍ എന്നിവരാണ് ഒന്നര കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടറും പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ്, സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്, രാഹുല്‍, ദിനു പി ദേവ്, ഷംനാദ്, സീന എന്നിവര്‍ അടങ്ങിയ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

Read also: പ്രണയബന്ധത്തിൽ നിന്നും പിന്മാറി; യുവതിയുടെ വീട് അടിച്ചു തകർത്ത സുഹൃത്തും സംഘവും പിടിയില്‍