കായംകുളം: ഇന്ന് വൈകീട്ട് കായംകുളത്ത് കെ പി റോഡിൽ പോലീസ് സ്റ്റേഷന് കിഴക്ക് കാദീശാ പള്ളിക്ക് സമീപമുണ്ടായ നിയന്ത്രണം വിട്ട ബൈക്ക് ടാങ്കര്‍ ലോറിക്കടിയിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചുനക്കര കൊച്ചയ്യത്ത് സ്വപ്ന ഭവനത്തിൽ സോമൻ നായരുടെ മകൻ സൂരജ് (21) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ പുത്തൻപറമ്പിൽ സുധീഷ് (28) റോഡിലേക്ക് തെറിച്ച് വീണ് നിസ്സാരമായി പരിക്കേറ്റു. കായംകുളത്തെ ആലുംമൂട്ടിൽ വെഡിംങ്ങ് കാസിൽ എന്ന സ്വർണ്ണ വ്യാപാരശാലയിലെ ജീവനക്കാരാണ് ഇരുവരും. 

സ്ഥാപനത്തിൽ നിന്നും കായംകുളം പോസ്റ്റ് ഓഫീസിലേക്ക് പോകും വഴിയായിരുന്നു അപകടം. കെ പി റോഡിൽ പോലീസ് സ്റ്റേഷന് കിഴക്ക് കാദീശാ പള്ളിക്ക് സമീപം ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. കെ പി റോഡരുകിലെ കുഴിയിൽ നിരത്തിയിരുന്ന കല്ലുകളിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് അതെ ദിശയിൽ പോകുകയായിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. സൂരജ് ടാങ്കർ ലോറിക്ക് അടിയിൽപ്പെട്ടു. സുധീഷ് റോഡിന്‍റെ എതിർവശത്തേക്ക് തെറിച്ച് വീണു. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സൂരജിന്‍റെ ജീവൻ രക്ഷിക്കാനായില്ല.