സ്‌കൂട്ടർ റോഡിൽ തെന്നി വീണു, യുവാവ് നടുറോഡിൽ വീണു; എതിരെ വന്ന കെഎസ്ആർടിസി ബസ് കയറി ദാരുണാന്ത്യം
യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല. എതിരെ വന്ന കെഎസ്ആർടിസി ബസ് യുവാവിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി
പത്തനംതിട്ട: കെഎസ്ആർടിസി ബസിന് അടിയിൽപെട്ട യുവാവിന് ദാരുണാന്ത്യം. തിരുവല്ല കവിയൂർ സ്വദേശി ജയ്സൺ ജേക്കബ് ആണ് മരിച്ചത്. 19 വയസായിരുന്നു പ്രായം. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയിലാണ് അപകടം നടന്നത്. ജയ്‌സൺ ജേക്കബ് സ്‌കൂട്ടറിൽ ഒറ്റയ്ക്ക് വരികയായിരുന്നു. റോഡരികിലൂടെ ഈ സമയത്ത് രണ്ട് യുവാക്കൾ നടന്നുപോകുന്നുണ്ടായിരുന്നു. പൊടുന്നനെ സ്കൂട്ടർ റോഡിൽ തെന്നി നിയന്ത്രണം തെറ്റി വീണു. സ്കൂട്ടർ ഓടിച്ചിരുന്ന ജയ്സൺ നടുറോഡിലാണ് വീണത്. യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല. എതിരെ വന്ന കെഎസ്ആർടിസി ബസ് യുവാവിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മറ്റൊരു അപകടം കൊല്ലം ചടയമംഗലത്ത് ഉണ്ടായി. നിയന്ത്രണംവിട്ട കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ചടയമംഗലം ഗവൺമെന്റ് യുപി സ്കൂളിലെ ജീവനക്കാരിയായ സുജിതകുമാരിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ അരികിലൂടെ നടന്നുപോവുകയായിരുന്ന സുജിതകുമാരിയെ എതിർ ദിശയിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.