എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലൂടെ ബൈക്കോടിച്ച് യുവാവ്.

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലൂടെ ബൈക്കോടിച്ച് യുവാവ്. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു യുവാവിന്‍റെ പരാക്രമം. പെരുമ്പാവൂര്‍ സ്വദേശി അജ്മലാണ് ബൈക്കോടിച്ചതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് രണ്ട് പ്ലാറ്റ് ഫോമുകളാണുള്ളത്. രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് കയറാന്‍ ചരിഞ്ഞ വഴിയാണ്. ഇതുവഴിയാണ് ഇന്ന് പുലര്‍ച്ചെ യുവാവ് ബൈക്ക് ഓടിച്ച് കയറ്റിയത്.

സ്റ്റേഷനില്‍ കയറിയപ്പോള്‍ തന്നെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിനെ തടയാന്‍ ശ്രമിച്ചു. എന്നാൽ പൊലീസിനെ വെട്ടിച്ച് യുവാവ് ബൈക്ക് വേഗത്തിലോടിച്ചു. പൊലീസ് പിന്തുടര്‍ന്നതോടെ ബൈക്കിന്‍റെ വേഗം കൂട്ടി. ട്രെയിന്‍ കാത്തിരുന്ന ആളുകള്‍ക്കിടയിലൂട മുന്നോട്ട് പോയി. പിന്നീട് പ്ലാറ്റ് ഫോമില്‍ നിന്ന് ഇറങ്ങി നോര്‍ത്ത് റെയില്‍വേ മേല്‍പാലത്തിന് സമീപത്തേക്ക് ഓടിച്ചു. 

ഇവിടെ ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശി അജ്മലാണ് ബൈക്കോടിച്ചതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് ബൈക്ക് നോര്‍ത്ത് പാലത്തിനടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അജ്മല്‍ ലഹരി ഉപയോഗിച്ചു നടത്തിയ പരാക്രമമാണെന്ന സംശയത്തിലാണ് പൊലീസ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming