കളർകോട് ബൈപ്പാസിന് സമീപത്തു നിന്നും കഞ്ചാവിന്റെ വൻ ശേഖരവുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: കളർകോട് ബൈപ്പാസിന് സമീപത്തു നിന്നും കഞ്ചാവിന്റെ വൻ ശേഖരവുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവനന്തപുരം കുറവക്കോണം കവടിയാര്‍ താഴ്വരവീട്ടില്‍ സംഗീത് (ജിക്കു-29) ആണ് എട്ട് കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. 

ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും ചേർന്നാണ് കഞ്ചാവ് പിടികുടിയത്. ആലപ്പുഴ ബൈപ്പാസ് ഭാഗത്ത് ബൈക്കിൽ വന്നിറങ്ങി കളർകോടുള്ള ഇടപാടുകാരനെ കാത്തു നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. 

കഞ്ചാവ് വാങ്ങാൻ വന്ന നിരവധി ക്രിമിനൽ കേസിലെ പ്രതി പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികുടുന്നതിനായി അന്വേഷണം ആരംഭിച്ചതായി സിഐ പറഞ്ഞു. ഇയാൾ ലഹരി കടത്തിന് ആദ്യമായാണ് പിടിയിലാകുന്നത്. ഇരവുകാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്ക് ക്രിസ്മസ് -ന്യൂ ഇയർ വിപണി ഉദ്ദേശിച്ച് കച്ചവടം നടത്തുന്നതിനായാണ് കഞ്ചാവ് കൊണ്ടുന്നതാണെന്നും പൊലീസ് പറഞ്ഞു.

Read more: വൈരാഗ്യം, മീനങ്ങാടി സ്വദേശിയെ അടിച്ചുകൊല്ലാൻ ശ്രമിച്ചു, കൽപ്പറ്റയിൽ അച്ഛനും മകനും ഏഴ് വർഷം തടവ്

അതേസമയം, ആലപ്പുഴയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ആലപ്പുഴയിലാണ് അടുത്തടുത്തുള്ള രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ആലപ്പുഴ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും തൊട്ടടുത്ത ഐടിസിയിലെ വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. ഐടിസി വിദ്യാർത്ഥികൾ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചത് ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

ഇന്നലെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ ശേഷമാണ് സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഘട്ടനത്തിൽ ഏർപ്പെട്ട പത്തോളം വിദ്യാർത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് സ്റ്റേഷനിലെത്താനാണ് നിർദ്ദേശം നൽകിയത്. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് വിദ്യാർത്ഥിനികൾ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.