അമ്മയോട് പിണങ്ങി പെട്രോൾ സ്വയം ശരീരത്തിലൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പൊലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി.
കായംകുളം: അമ്മയോട് പിണങ്ങി പെട്രോൾ സ്വയം ശരീരത്തിലൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പൊലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി. കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ നിസാർ പൊന്നാരത്ത് ആണ് ആത്മഹത്യാ ശ്രമം നടത്തിയ കണ്ടല്ലുർ സ്വദേശിയെ അനുനയിപ്പിച്ചു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസം പുല്ലുകുളങ്ങര കളരിക്കൽ ജങ്ഷനിൽ വച്ചായിരുന്നു സംഭവം. ഒരാൾ പെട്രോൾ ഒഴിച്ചു ആത്മഹത്യാശ്രമം നടത്തുന്നതായി കനകക്കുന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ സന്ദേശം ലഭിച്ചു. ഉടൻ തന്നെ എഎസ്ഐ നിസാർ പൊന്നാരത്ത്, എഎസ്ഐ ജയചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ അനീസ് എന്നിവർ സ്ഥലത്തെത്തി.
യുവാവിനെ ഇവർ സ്നേഹപൂർവ്വം അനുനയിപ്പിച്ചു വീട്ടിൽ കൊണ്ടുവന്നു. തുടർന്ന് പൊലീസ് ഇയാളെ സോപ്പ് തേച്ചു കുളിപ്പിച്ച് വൃത്തിയാക്കുകയും കൗൺസിലിങ് നൽകുകയും ചെയ്തു. പിന്നീട് യുവാവിന്റെ അമ്മയെയും, പഞ്ചായത്ത് അംഗത്തേയും വിളിച്ചു വരുത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും, ഇതിനോടകം ചിത്രം വൈറൽ ആകുകയും ചെയ്തു. യുവാവിനെ ആത്മഹത്യയിൽ നിന്ന് പിൻതിരിപ്പിച്ച നിസാറിനെ നിരവധി പേർ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
