കായംകുളത്ത് വൻ മയക്കുമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
കായംകുളം: കായംകുളത്ത് മയക്കുമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 84 ഗ്രാം എംഡിഎംഎയുമായി വള്ളികുന്നം കടുവിനാല്‍ മാലവിള വടക്കേതില്‍ വീട്ടില്‍ സഞ്ചു (32) യാണ് അറസ്റ്റിലായത്. കർണ്ണാടകയിൽ നിന്നും എംഡിഎംഎയുമായി ബസിൽ കായംകുളം കെ എസ് ആര്‍ ടിസി സ്റ്റാൻഡിന് അടുത്ത് കമലാലയം ജാഗ്ഷനിലാണ് ആദ്യം സഞ്ചു എത്തിയത്. അവിടെ നിന്ന് വള്ളികുന്നത്തേയ്ക്ക് വണ്ടിക്കായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ആയിരുന്നു പൊലീസ് എത്തി എംഡിഎംഎയുമായി നിന്ന ഇയാളെ പിടികൂടുകയായിരുന്നു.
അതേസമയം, ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. നിലവിൽ മയക്കുമരുന്ന് കേസുകളും ഉണ്ട്. വള്ളികുന്നം ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്. ഇയാളുടെ ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പ്രധാനിയാണെന്ന് പൊലീസിന് വിവരമുണ്ട്. അതേസമയം, വീട്ടിൽ നിന്ന് ധാരാളം ചെറുപ്പക്കാർ മയക്കുമരുന്ന് വാങ്ങാറുണ്ടെന്നും, പൊലീസ് വീട്ടിൽ തിരച്ചിൽ നടത്തിയാൽ ഒന്നും കണ്ടെത്താൻ സാധിക്കാറില്ലെന്നും ആരോപണമുണ്ട്.
ബെംഗളൂരുവിൽ നിന്ന് നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മുവായിരം മുതൽ അയ്യായ്യിരം രൂപയ്ക്ക് വരെയാണ് വിൽക്കുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കാപ്പാ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് കഴിഞ്ഞ മാസം രണ്ടു മൂന്നു തവണ ബാംഗ്ളൂരിൽ പോയി എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായവരിൽ നിന്നും ലഭിച്ച വിവരമാണ് ഇയാളെ പിടികൂടാന്‍ പോലീസിന് സഹായകമായത്. കഴിഞ്ഞ ഒരു മാസമായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു. നർക്കോട്ടിക് സെൽ ഡി വൈ എസ് പി സജിമോന്റ നേതൃത്വത്തിലുള്ള സ്ക്വാഡും കായംകുളം ഡിവൈഎസ് പി അജയനാഥിന്റെ നേത്വത്വത്തിലുള്ള പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ എസ് ഐ ഉദയകുമാർ, എസ് സി പി ഒ റെജി, ശ്യാം, അജികുമാർ, ശിവകുമാർ, ഡാന്‍സാഫ് എസ് ഐ സന്തോഷ്, എ എസ് ഐ ജാക്സൺ, എസ് സി പി ഒ ഉല്ലാസ്, സിപിഒ മാരായ ഹരികൃഷ്ണൻ, ഷാഫി, നന്ദു, രൺദീപ് എന്നിവരും പങ്കെടുത്തു.
