ആലപ്പുഴ: മത്സ്യബന്ധനത്തിന് വേമ്പനാട്ട് കായലിൽ പോയ യുവാവ് വള്ളം മറിഞ്ഞ് മരിച്ചു. ചാരംപറമ്പ് തലക്കെട്ട് വീട്ടിൽ സുജിത്(39)നെ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് സഹോദരി ഭർത്താവിനോടൊപ്പം വള്ളത്തിൽ ആയിരുന്നു സുജിത് മീൻ പിടിക്കാൻ പോയത്. എന്നാൽ ശതമായ കാറ്റിലും മഴയിലും വള്ളം മരിയൻ ഗ്രോട്ടോ ജെട്ടിക്ക് സമീപം വച്ചു മറിയുകയായിരുന്നു. 

ഒപ്പം ഉണ്ടായിരുന്ന സഹോദരി ഭർത്താവ് തിലകൻ നീന്തി രക്ഷപ്പെട്ടു. ശക്തമായ തിരമാലകൾ ഉണ്ടായിരുന്നതിനാൽ തിലകന് സുജിത്തിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കായലിൽ മുള താഴ്ത്തി അതിൽ പിടിച്ചു നിൽക്കാനും കരയിൽ എത്തി ആളുകളുമായി എത്താമെന്നും തിലകൻ സുജിത്തിനോട് പറഞ്ഞിരുന്നു. തിലകൻ കരയിൽ എത്തി ആളുകളുമായി വള്ളം മറിഞ്ഞ സ്ഥലത്തു എത്തിയെങ്കിലും സുജിത്തിനെ കണ്ടു കിട്ടിയില്ല.സുജിത്തിന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.