ചെങ്ങന്നൂർ കൊല്ലകടവിൽ വ്യാഴാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവ് മരിച്ചത്

ചെങ്ങന്നൂർ: ചെങ്ങന്നൂർ കൊല്ലകടവിൽ വ്യാഴാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കൊല്ലകടവ് വല്യകിഴക്കേതിൽ രാജൻ പിള്ളയുടെയും രാധികയുടെയും മകൻ രാഹുൽ (21) ആണ് മരിച്ചത്. അപകടം ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ പത്രവിതരണത്തിനിടയിൽ കൊല്ലകടവ് ആഞ്ഞിലിച്ചുവട് പി ഐ പി വലിയ കനാലിലാണ് സംഭവിച്ചത്.

മദ്രസയിൽ പോവുകയായിരുന്ന കുട്ടികളാണ് കനാലിൽ ബൈക്ക് കിടക്കുന്നത് ആദ്യം കണ്ടത്. സമീപം പത്രങ്ങളും ചിതറി കിടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഇവർ അടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ, അപ്പോഴേക്കും രാഹുൽ മരണപ്പെട്ടിരുന്നു. തുടർന്ന് രാഹുലിന്റെ മൃതദേഹം കൊല്ലകടവിലെ സ്വകാര്യ ആശു പത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്ലസ്ടുവിന് ശേഷം ജർമ്മൻ ഭാഷ പഠിച്ച രാഹുൽ ജോർദ്ദാനിലേക്ക് പോകാനിരിക്കുകയായിരുന്നു. വെണ്മണി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാധികയാണ് രാഹുലിന്റെ സഹോദരി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പെരങ്ങളത്ത് അപകടത്തില്‍ നിന്ന് ഇരുചക്ര വാഹനയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പെരിങ്ങളം സ്വദേശി അശ്വതിയാണ് രക്ഷപ്പെട്ടത്. അശ്വതിക്ക് കൈക്ക് നേരിയ പരിക്കേറ്റു. കയറ്റം കയറുന്നതിനിടെ മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് പിറകോട്ട് നീങ്ങി യുവതി ഓടിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹനത്തില്‍ നിന്ന് യുവതി റോഡിലേക്ക് തെറിച്ച വീണു. ലോറിക്ക് പിന്നിൽ കുടുങ്ങാതെ തെറിച്ചുവീണതിനാലാണ് യുവതി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. പെരിങ്ങളം അങ്ങാടിയിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള റോഡിൽ സിഡബ്ല്യു ആർ ഡി എമ്മിനു സമീപത്തെ കയറ്റത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇതുവഴി ഹോളോബ്രിക്സുമായി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ടിപ്പര്‍ ലോറി കയറ്റത്തിൽ വെച്ച് പെട്ടെന്ന് നിന്നു പോവുകയും പിറകിലേക്ക് നീങ്ങുകയുമായിരുന്നു. പിന്നിലേക്ക് വന്ന ലോറി സ്കൂട്ടറിൽ ഇടിച്ചതോടെ യുവതി സ്കൂട്ടറിൽ നിന്നും റോഡിന്‍റെ വലതുഭാഗത്തേക്ക് തെറിച്ചുവീണു. റോഡരികിലെ മരത്തിൽ ഇടിച്ചാണ് ലോറി നിന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമികവിവരം. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാവാം അപകടകാരണം എന്നാണ് സൂചന.