അമ്പലത്തറ പറക്കളായിയിൽ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകൻ രാകേഷും മരിച്ചു.

കാഞ്ഞങ്ങാട്: കാസർകോട് അമ്പലത്തറ പറക്കളായിയിൽ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകൻ രാകേഷും മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗൃഹനാഥന്‍ ഗോപി, ഭാര്യ ഇന്ദിര, മൂത്ത മകൻ രഞ്ചേഷ് എന്നിവർ അന്ന് തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് ഗോപിയേയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവര്‍ അന്ന് തന്നെ മരിച്ചിരുന്നു. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ച ഗോപി അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യശ്രമം പുറത്തറിയുന്നത്. അയൽക്കാരൻ പൊലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചു. മറ്റൊരു മകനായ രാകേഷ് (35) ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാകേഷിന്റെ മരണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

YouTube video player