കോവളം കെ എസ് റോഡിൽ ഇന്നലെ വാഹന പരിശോധന നടത്തുന്നതിനിടെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ആഡംബര ബൈക്കുകളിൽ എത്തിയവരോട് രേഖകൾ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിന്റെ രേഖകളൊന്നും ഇവരുടെ കൈയ്യിലില്ലായിരുന്നു.
തിരുവനന്തപുരം: വാഹന പരിശോധനക്കിടെ മോഷ്ടിച്ച വാഹനങ്ങളിലെത്തിയ യുവാവിനെയും പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെയും കോവളം പൊലീസ് പിടികൂടി. കോട്ടുകാൽ കുഴിവിളക്കോണം കോളനിയിൽ സൂരജും (21) പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനുമാണ് അറസ്റ്റിലായത്. കോവളം കെ എസ് റോഡിൽ ഇന്നലെ വാഹന പരിശോധന നടത്തുന്നതിനിടെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ആഡംബര ബൈക്കുകളിൽ എത്തിയവരോട് രേഖകൾ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിന്റെ രേഖകളൊന്നും ഇവരുടെ കൈയ്യിലില്ലായിരുന്നു.
സംശയത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആഡംബര ബൈക്കുകൾ തക്കലയിൽ നിന്നും മാർത്താണ്ഡത്ത് നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. റോഡിന് സമീപം പാർക്ക് ചെയ്തിരിക്കുന്ന മോട്ടോർ സൈക്കിളുകൾ ലോക്ക് പൊട്ടിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് കോവളം എസ്എച്ച്ഒ പ്രൈജു പറഞ്ഞു. കോവളം എസ്എച്ച്ഒയുടെ നിർദേശം അനുസരിച്ച് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ സുരേഷ് കുമാർ, എഎസ്ഐ നസീർ, സിപിഒമാരായ ഷിബു, ഷൈൻജോസ്, വിഷ്ണു, ഹോംഗാർഡ് ജിനിൽ ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും ബൈക്കുകളും കസ്റ്റഡിയിലെടുത്തത്.
