അമ്പലപ്പുഴ: സഹോദരിമാരായ പെണ്‍കുട്ടികളുടെ മാല കവരാൻ ശ്രമിച്ച യുവാവിനെ ഒരു മാസത്തിനു ശേഷം പൊലീസ് പിടികൂടി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 12 -ാം വാർഡ് ആമയിട കന്നിട്ടപ്പറമ്പിൽ അരുൺകുമാറി(29) നെയാണ് അമ്പലപ്പുഴ എസ്ഐ രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. 

സെപ്തംബർ മൂന്നിന് ആമയിട ഞൊണ്ടി മുക്കിന് സമീപമായിരുന്നു സംഭവം. നിയമവിദ്യാർത്ഥിനിയായ പെൺകുട്ടി സഹോദരിയുമൊത്ത് വൈകിട്ട് കടയിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ അരുൺ ഇവരുടെ മാല കവരാൻ ശ്രമിച്ചത്.

പെൺകുട്ടികളുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ യുവാവ് കടന്നുകളഞ്ഞു. പിന്നീട് പെൺകുട്ടികൾ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് സിസിടിവിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്റു ചെയ്തു.