മാറാട് ബീച്ച് കേന്ദ്രീകരിച്ച് സദാചാര ഗുണ്ടായിസം രൂക്ഷമാണ്. ഈ സംഘത്തില്‍പ്പെട്ടയാളാണോ പ്രതിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ മാറാട് പൊലീസ് (Marad Police) അറസ്റ്റ് ചെയ്തു. കോതന്റെകത്ത് നിഖില്‍ രാജിനെ ( 29 ) യാണ് പൊലീസ് പിടികൂടിയത്. മാറാട് ഉത്സവ ആഘോഷത്തിനിടെയാണ് പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും ആക്രമിക്കുകയും ചെയ്തത്. അക്രമത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മാറാട് പൊലീസ് രഹസ്യ സങ്കേതത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
മാറാട് ബീച്ച് കേന്ദ്രീകരിച്ച് സദാചാര ഗുണ്ടായിസം രൂക്ഷമാണ്. ഈ സംഘത്തില്‍പ്പെട്ടയാളാണോ പ്രതിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ നിഖില്‍ രാജ്. പ്രതിയുടെ ഇത്തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനം കാരണം സ്ഥലത്തെ സ്ത്രീകളുള്‍പ്പെടെയള്ള പരിസരവാസികള്‍ ആശങ്കയിലായിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇയാള്‍ വനിതാ ദിനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ചത്.
പ്രതിയുടെ നീക്കങ്ങള്‍ പോലീസ് രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. പുതിയാപ്പയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാറാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ഹരീഷ്, കെ.വി. ശശികുമാര്‍, എ.എസ്.ഐ. പി. മുഹമ്മദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഡാനി തോമസ്, സിവില്‍ പോലീസ് ഓഫീസര്‍ കെ. പ്രതീപ് കുമാര്‍ , ഷിബില എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍
കോഴിക്കോട്: വില്‍പനക്കായി കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍. കോട്ടപ്പാടം നാദിയ മന്‍സില്‍ നൗഷാദ് എന്ന കുട്ടന്‍ നൗഷാദ് (33) നെയാണ് ഫറോക്ക് സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷുഹൈബും സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്പഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ അമോസ് മാമന്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക്ക് എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു. നൗഷാദ് വീട്ടില്‍ ബ്രൗണ്‍ഷുഗര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ച പൊലീസ് ഇയാളെ നിരീക്ഷിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫറോക്ക് അസി. കമ്മീഷണര്‍ എ എം സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം ഫറോക്ക് പൊലീസും സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്പഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബ്രൗണ്‍ഷുഗറും മെഷീനും പൊലീസ് കണ്ടെടുത്തു. ബ്രൗണ്‍ഷുഗര്‍ വാങ്ങുന്നവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും തുടരന്വേഷണം നടത്തുന്നതാണെന്നും പൊലീസ് പറഞ്ഞു. എ.എസ്.ഐ ലതീഷ് കുമാര്‍,വനിത സി പി ഒ ഡയാന ബെര്‍ണാഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
