ഒളിവില്‍ പോയ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനാല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയില്‍. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം താമസിക്കുന്ന അമീര്‍ മഹലില്‍ അമീര്‍ സുഹൈലി(20)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഇയാള്‍ കഴിഞ്ഞ 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വിവിധയിടങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ നഗ്നദൃശ്യങ്ങള്‍ എടുക്കുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 


ഒളിവില്‍ പോയ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനാല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ഇയാളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം അമീറിനെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.