ഹരിപ്പാട്: ക്രിസ്മസ് ദിനത്തില്‍ പട്ടാപ്പകല്‍ വീട്ടിൽ നിന്നും പണം മോഷണം പോയ കേസിൽ അയൽവാസിയായ യുവാവ് പിടിയിൽ. കണ്ടല്ലൂർ തെക്ക് ചെപ്പള്ളി തെക്കതിൽ അജിത്ത് (32)ആണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടല്ലൂർ തെക്ക് പുത്തൻ പുരയിൽ ജലാലുദീന്റെ വീട്ടിലാണ് ക്രിസ്തുമസ് ദിനത്തിൽ മോഷണം നടന്നത്. പകൽ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലം അറിയാമായിരുന്ന പ്രതി കതക് തുറന്നു അകത്തു കടക്കുകയായിരുന്നു. 

തുടർന്ന്  മുറിക്കുള്ളിൽ ടിവിക്ക് ഇടയിലായി സൂക്ഷിച്ചിരുന്ന പണം കൈവശപ്പെടുത്തി. വൈകുന്നേരം വീട്ടുകാർ എത്തിയപ്പോൾ കതക് തുറന്നു കിടക്കുന്നത് കണ്ടു പരിശോധന നടത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ പുല്ലുകുളങ്ങര ജംഗ്ഷനിൽ നിന്നും ആണ് പ്രതിയെ പൊലീസ് പിടികൂടിയത്. അച്ഛനും അമ്മയും മരിച്ച അജിത്ത്  ഒറ്റയ്ക്ക് വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.