പൂച്ചാക്കൽ: ആലപ്പുഴ പാണാവള്ളിയിൽ പൊലീസ് പരിശോധനയില്‍ 20 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  പിടിക്കപ്പെട്ട പ്രതി ക്രിമിനൽ പശ്ചാത്തലമുള്ള യുവാവെന്ന് പൊലീസ് പറഞ്ഞു. പാണാവള്ളി വാഴത്തറ വെളി ക്ഷേത്രത്തിന് കിഴക്ക് വെളുത്തേടത്ത് സിയാദ് മകൻ ഷിഹാബ് (27) ആണ് പിടിയിലായത്.

ആലപ്പുഴ പൊലീസ് മേധാവി പി എസ്സ് സാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൂച്ചാക്കൽ പൊലീസ് പ്രതിയെ പിടികൂടിയത്. പൂച്ചാക്കൽ സിഐ അജയ് മോഹൻ,എസ്സ് ഐ ഗോപാലകൃഷ്ണൻ ,സുദർശനൻ, രാജേന്ദ്രൻ, സുനിൽ രാജ്, സി പി ഒ മാരായ നിസ്സാർ ,നിത്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് വീട്ടിലെത്തിയതിനെ തുടർന്ന് പ്രതി ഓടിച്ചു പോകാൻ ശ്രമിച്ച കാർ പൊലീസ് ബലമായ് തടഞ്ഞു നിർത്തി.

ഈ കാറിന്‍റെ ഡിക്കിയിൽ നിന്നും പ്ലാസ്റ്റിക് ബാഗുകളിലായി 20 കിലോഗ്രാം വരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.  പിടിയിലായ യുവാവ് സമാന കേസ്സിൽ മുൻപും ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്നും ,ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.